എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്.
തിരുവനന്തപുരം: ഇത്തവണത്തെ ഓണം മഴയില്‍ കുതിരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇതില്‍ എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്.
കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് വീണ്ടും മഴയ്ക്ക് കാരണമായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുതുക്കിയ കാലാവസ്ഥാ പ്രവചന പ്രകാരമാണ് വടക്കന്‍ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നിവയ്ക്കും മധ്യകേരളത്തിലെ എറണാകുളം, ഇടുക്കി ജില്ലകള്‍ക്കും ഓറഞ്ച് അലര്‍ട്ട് നല്‍കിയത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. എന്നാല്‍ സാമാന്യമായ മഴ സംസ്ഥാനത്ത് മിക്കയിടങ്ങളിലും ലഭിച്ചേക്കും. നാളെ തിരുവോണ ദിനത്തിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലായിടത്തും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ റവന്യൂ വകുപ്പും സജ്ജമാണ്.
അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കാനും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലാ ഭരണകൂടങ്ങളോടും കൃത്യമായ ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.