‘നിരപരാധികളുടെ മരണം വേദനാജനകം’; ഗാസയിൽ നിന്ന് സമാധാനത്തിനായി ശബ്ദമുയർത്തി ഫാ. ഗബ്രിയേലെ റൊമാനെല്ലി

‘നിരപരാധികളുടെ മരണം വേദനാജനകം’; ഗാസയിൽ നിന്ന് സമാധാനത്തിനായി ശബ്ദമുയർത്തി ഫാ. ഗബ്രിയേലെ റൊമാനെല്ലി

റിമിനി: കുരിശുമരണമല്ല, ഉത്ഥാനമാണ് അവസാന വാക്ക് എന്ന ഉറച്ച വിശ്വാസത്തിലാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവകയുടെ വികാരി ഫാ. ഗബ്രിയേലെ റൊമാനെല്ലി. ഇറ്റലിയിലെ റിമിനിയിൽ നടന്നു വരുന്ന നാല്പത്തിയേഴാമത് 'ജനതകളുടെ സൗഹൃദത്തി'നായുള്ള സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദേഹം. ഗാസയിലെ യാഥാർത്ഥ്യങ്ങൾ ഇന്നും ഏറെ ഭീകരമായി തുടരുകയാണെന്നും വികാരി ഓർമ്മിപ്പിച്ചു.

ഇസ്രയേൽ-ഹമാസ് സംഘർഷം ആരംഭിച്ച ആദ്യ ദിനം മുതൽ കടുത്ത ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനതയുടെ അവസ്ഥയ്ക്ക് ഇന്നും മാറ്റമില്ല. എന്നാൽ നിർഭാഗ്യവശാൽ ഈ വേദന നിറഞ്ഞ സാഹചര്യങ്ങൾ ഇന്ന് ലോക മാധ്യമങ്ങളുടെ ശ്രദ്ധയിൽ നിന്നും പൂർണമായും അപ്രത്യക്ഷമായിരിക്കുകയാണ്. കടുത്ത ശുദ്ധജല ദൗർലഭ്യത ജനങ്ങളെ അത്യധികം ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.

പള്ളിയിലെ ജലസംഭരണിയിൽ നിന്ന് നാനൂറോളം കുടുംബങ്ങൾക്ക് വെള്ളം എത്തിച്ചുനൽകുന്നുണ്ടെങ്കിലും അത് പമ്പ് ചെയ്യാനുള്ള ഇന്ധനത്തിന് വളരെ ഉയർന്ന തുക കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

ഓരോ ദിവസം കഴിയുന്തോറും അവിടുത്തെ സാഹചര്യം കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. മിക്കവാറും ആളുകൾ തെരുവുകളിലും ടെന്റുകളിലുമാണ് കഴിയുന്നത്. അഴുക്കുചാൽ വെള്ളം കലർന്ന മണലിലാണ് പലരുടെയും താമസമെങ്കിലും, പ്രതിസന്ധികളുടെ നടുവിലും അവിടത്തെ വൈദികരും സന്യസ്തരും കൈവിടാൻ തയ്യാറല്ല.

ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും അശരണർക്കും വേണ്ടി അവർ കാവലായി ഒപ്പമുണ്ട്. അതിനാൽ ആർക്കും അവിടം വിട്ടുപോകുവാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ ഫാദർ കണ്ണുനീർ അടക്കിപ്പിടിച്ച് ജനങ്ങളെ സ്നേഹിക്കുക എന്ന വലിയ സുവിശേഷ ദൗത്യമാണ് തങ്ങൾ ഇപ്പോൾ നിർവഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

സമാധാനം സാധ്യമാണെന്നും അത് അത്യന്താപേക്ഷിതമാണെന്നും അദേഹം ആവർത്തിച്ചു വ്യക്തമാക്കി. ഇരുപക്ഷത്തും നിരപരാധികളായ മനുഷ്യർ ദാരുണമായി കൊല്ലപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണ്. "യുദ്ധം മതിയാക്കൂ!" എന്ന് ഉറക്കെ വിളിച്ചുപറയാനും നീതിക്കുവേണ്ടി ശബ്ദമുയർത്താനും ഉള്ള ആഹ്വാനത്തോടെയാണ് അദേഹം തന്റെ സന്ദേശം ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.