അൽമാട്ടി: കസാഖിസ്ഥാനിലെ ഇലിബാലിക് പുരാവസ്തു മേഖലയിൽ നടത്തിയ ഖനനത്തിൽ മധ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന ക്രൈസ്തവ സമൂഹത്തിന്റെ നിർണായക തെളിവുകൾ കണ്ടെത്തി. കസാഖിസ്ഥാന്റെ ആധുനിക അതിർത്തിക്കുള്ളിൽ കണ്ടെത്തുന്ന ആദ്യത്തെ വ്യക്തമായ ക്രൈസ്തവ ശ്മശാനം ഉൾപ്പെടെയുള്ളവയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചൈനീസ് അതിർത്തിയോട് ചേർന്ന് ഷെറ്റിസു മേഖലയിലെ ഉഷാരലിന് സമീപം സ്ഥിതി ചെയ്യുന്ന ഇലിബാലിക് പുരാതന സിൽക്ക് റോഡിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നായിരുന്നു.
12-ാം നൂറ്റാണ്ട് മുതൽ 14-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ഇവിടെ ക്രൈസ്തവർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾ താമസിച്ചിരുന്നതായാണ് പുരാവസ്തു തെളിവുകൾ വ്യക്തമാക്കുന്നത്. അമേരിക്കൻ പുരാവസ്തു ഗവേഷകൻ ഡോ. സ്റ്റീവൻ ഗിൽബർട്ടിന്റെ നേതൃത്വത്തിൽ കസാഖിസ്ഥാനിലെയും മറ്റ് രാജ്യങ്ങളിലെയും ഗവേഷകർ നടത്തിയ ഖനനത്തിലാണ് ക്രൈസ്തവ ശ്മശാനവും നിരവധി ശവകുടീരങ്ങളും കണ്ടെത്തിയത്. കുരിശ് ആലേഖനം ചെയ്ത ഫലകങ്ങളും ഇവിടെ നിന്നും വീണ്ടെടുത്തിട്ടുണ്ട്.
ഖനനത്തിൽ 'കൈറാക്‌സ്' എന്നറിയപ്പെടുന്ന അൻപതിലധികം ശവകുടീര ശിലകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം ക്രൈസ്തവ കുരിശടയാളങ്ങൾ പതിപ്പിച്ചിട്ടുണ്ട്. ഇതിൽ ആറ് ശിലകളിലെ ലിഖിതങ്ങളുടെ ഭാഷകൾ തിരിച്ചറിയാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. നാലെണ്ണം പുരാതന തുർക്കിക് ഭാഷയിലും രണ്ടെണ്ണം ക്രൈസ്തവരുടെ പ്രധാന ആരാധനാഭാഷയായ സുറിയാനിയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കസാഖിസ്ഥാനിലെ പ്രാദേശിക സ്ഥാപനങ്ങളും സ്വിറ്റ്സർലൻഡിലെ സൊസൈറ്റി ഫോർ ദി എക്സ്പ്ലോറേഷൻ ഓഫ് യൂറേഷ്യ, ലാനിയർ സെന്റർ ഫോർ ആർക്കിയോളജി, അമേരിക്കയിലെ ടാൻഡി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർക്കിയോളജി തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളും ചേർന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. മധ്യകാലഘട്ടത്തിലെ ക്രൈസ്തവ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഈ കണ്ടെത്തലുകൾ ഏറെ സഹായകരമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.