നേപ്പാള്‍ പ്രളയം: മലയാളി തീര്‍ത്ഥാടകരെയും വിനോദ സഞ്ചാരികളെയും കണ്ടെത്താന്‍ ഹെല്‍പ്പ് ലൈനുകള്‍ തുറന്നു; വിവരങ്ങള്‍ കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

നേപ്പാള്‍ പ്രളയം: മലയാളി തീര്‍ത്ഥാടകരെയും വിനോദ സഞ്ചാരികളെയും കണ്ടെത്താന്‍ ഹെല്‍പ്പ് ലൈനുകള്‍ തുറന്നു; വിവരങ്ങള്‍ കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് കാണാതായോ കുടുങ്ങിക്കിടക്കുകയോ ചെയ്ത മലയാളി തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും കുറിച്ച് വിവരങ്ങള്‍ അറിയാന്‍ സാധിക്കാത്തവര്‍ക്കായി സംസ്ഥാന സര്‍ക്കാരും നേപ്പാളിലെ ഇന്ത്യന്‍ എംബസിയും അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചു. വിനോദ സഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനുമായി നേപ്പാളിലെത്തിയ മലയാളികളെ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം ഉടനടി അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തി വരികയാണെന്നും പ്രളയബാധിത പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ കേരള സര്‍ക്കാര്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. നേപ്പാളില്‍ കുടുങ്ങിയതായി സംശയിക്കുന്ന വ്യക്തിയുടെ പേര്, യാത്ര തിരിച്ച തിയതി, പ്രദേശത്ത് എത്തിയതായി കരുതുന്ന സമയം, ഏറ്റവും ഒടുവില്‍ ബന്ധപ്പെടാന്‍ സാധിച്ച സമയം, വ്യക്തിയുടെ കൈവശമുള്ള ഫോണ്‍ നമ്പര്‍, യാത്രാ ഏജന്‍സിയുടെ വിവരങ്ങള്‍ എന്നിവ സഹിതമാണ് ബന്ധുക്കള്‍ വിവരങ്ങള്‍ കൈമാറേണ്ടത്.

പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി 9447111844, 9747132147 എന്നി ഫോണ്‍ നമ്പറുകളിലോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1070 എന്ന ടോള്‍ ഫ്രീ നമ്പറിലോ ഉടന്‍ ബന്ധപ്പെടാവുന്നതാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് തുടര്‍നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയം വഴി നേപ്പാള്‍ സര്‍ക്കാരിന് ഉടന്‍ കൈമാറും.

ഇതിനുപുറമേ നേപ്പാളിലെ ഇന്ത്യന്‍ എംബസിയും അടിയന്തര സഹായത്തിനായി പ്രത്യേക വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ +977 985 131 6807, +977 970 910 7500 എന്നി വാട്‌സാപ്പ് നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. അതിനിടെ വിനോദ സഞ്ചാരത്തിനായി നേപ്പാളില്‍ പോയ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നാലംഗ സംഘം ഉള്‍പ്പെടെയുള്ള മലയാളികള്‍ നിലവില്‍ സുരക്ഷിതരാണെന്ന ആശ്വാസകരമായ വിവരവും പുറത്തുവന്നിട്ടുണ്ട്.

പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ഇടപെടലുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.