മരണത്തിന്റെ കരിനിഴലിൽ നൈജീരിയ; ചന്തയിൽ തോക്കുധാരികളുടെ ഭീകരാക്രമണം: 30 പേർ കൊല്ലപ്പെട്ടു

മരണത്തിന്റെ കരിനിഴലിൽ നൈജീരിയ; ചന്തയിൽ തോക്കുധാരികളുടെ ഭീകരാക്രമണം: 30 പേർ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് വിപണിയും ജനവാസമേഖലയും ലക്ഷ്യമിട്ട് തോക്കുധാരികൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച കസുവാൻ-ദാജി ഗ്രാമത്തിലെ ചന്തയിലാണ് തോക്കുധാരികളായ അക്രമികൾ കൂട്ടക്കുരുതി നടത്തിയത്. വെടിയുതിർത്തും കടകൾ കൊള്ളയടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ, നിരവധി ഗ്രാമീണരെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

ബൈക്കുകളിലായെത്തിയ സായുധ സംഘം വനമേഖലയിൽ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. കണ്മുന്നിൽ കണ്ടവരെയെല്ലാം അവർ നിർദ്ദയം വെടിവെച്ചിട്ടു. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ച ശേഷം തീയിട്ടാണ് അക്രമി സംഘം മടങ്ങിയത്. ഭയചകിതരായ ഗ്രാമീണർ പുറത്തിറങ്ങാൻ പോലും ഭയപ്പെട്ട് വീടുകൾക്കുള്ളിലും വനപ്രദേശങ്ങളിലും ഒളിച്ചിരിക്കുകയാണ്.

സായുധ ക്രിമിനൽ സംഘങ്ങളുടെ തേർവാഴ്ച വർഷങ്ങളായി നൈജീരിയ നേരിടുന്ന വലിയ വെല്ലുവിളിയാണ്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ മെഡിക്കൽ സംഘത്തെ അയച്ചിട്ടുണ്ടെന്നും, തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ സുരക്ഷാസേന വനമേഖലയിൽ തിരച്ചിൽ ഊർജിതമാക്കിയെന്നും നൈജർ സംസ്ഥാന പൊലീസ് വക്താവ് വാസിയു അബിയോഡൂൺ അറിയിച്ചു.

മനുഷ്യജീവന് വില കൽപ്പിക്കാത്ത ഇത്തരം കിരാത നടപടികളിൽ നൈജീരിയൻ ജനത കടുത്ത രോഷത്തിലും ആശങ്കയിലുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.