കനത്ത ജാഗ്രതയ്ക്കിടെ വെനസ്വേലയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് വെടിവെയ്പ്പ്; തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക

 കനത്ത ജാഗ്രതയ്ക്കിടെ വെനസ്വേലയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് വെടിവെയ്പ്പ്; തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക

കാരക്കസ്: കനത്ത ജാഗ്രതയ്ക്കിടെ വെനിസ്വേലയില്‍ വീണ്ടും വെടിവെപ്പ്. തിങ്കളാഴ്ച രാത്രി തലസ്ഥാനമായ കാരക്കാസില്‍ വെനസ്വേലന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്താണ് വെടിവെപ്പ് ഉണ്ടായത്. എന്നാല്‍ ഏതെങ്കിലും രീതിയിലുള്ള ആക്രമണമല്ലെന്നാണ് രാജ്യം നല്‍കുന്ന വിവരം.

അനുമതിയില്ലാതെ പറക്കുകയായിരുന്നു ഡ്രോണുകള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വെനസ്വേലയുടെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. യാതൊരു തരത്തിലുള്ള ഏറ്റുമുട്ടലും ഉണ്ടായിട്ടില്ലെന്നും രാജ്യം മുഴുവന്‍ പൂര്‍ണ ശാന്തമാണെന്നും മന്ത്രാലയം പറഞ്ഞു. എന്നാല്‍ ഡ്രോണുകള്‍ ആരാണ് പറത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം വെനസ്വേലയിലെ വെടിവെപ്പില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക അറിയിച്ചു. വെനസ്വേലയില്‍ നിന്നുള്ള വെടിവെപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അമേരിക്ക നിരീക്ഷിച്ചു വരുന്നുണ്ട്. എന്നാല്‍ അമേരിക്കക്ക് ഇതില്‍ പങ്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുകയായിരുന്നു. വെടിവെപ്പിന് പിന്നില്‍ വെനസ്വേലയിലെ പാരമിലിട്ടറി ഗ്രൂപ്പുകള്‍ തമ്മിലുള്ള ആശയകുഴപ്പമാണെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതിനിടെ വെനസ്വേലന്‍ പാര്‍ലമെന്ററി സമ്മേളനത്തില്‍വച്ച് ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കന്‍ കസ്റ്റഡിയിലുള്ള നിക്കോളാസ് മഡൂറോയെ മോചിപ്പിക്കണമെന്ന ആവശ്യം റോഡ്രിഗസ് ഉന്നയിച്ചു.

പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക ബന്ദിയാക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റായിരുന്ന ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റത്. വെനസ്വേല സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ ചേംബറാണ് ഡെല്‍സി റോഡ്രിഗസിനെ ചുമതല ഏല്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.