'ഇടക്കാല തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ അവരെന്നെ ഇംപീച്ച് ചെയ്യും'; അപകടം മണത്തറിഞ്ഞ് അണികള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

'ഇടക്കാല തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ അവരെന്നെ ഇംപീച്ച് ചെയ്യും'; അപകടം മണത്തറിഞ്ഞ് അണികള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചില്ലെങ്കില്‍ ഡെമോക്രാറ്റുകള്‍ തന്നെ ഇംപീച്ച് ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ നടന്ന റിപ്പബ്ലിക്കന്‍ എംപിമാരുടെ യോഗത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

നിങ്ങള്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ വിജയിക്കണം. ഇല്ലെങ്കില്‍ അവര്‍ തന്നെ ഇംപീച്ച് ചെയ്യാന്‍ ഒരു കാരണം കണ്ടെത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. യു.എസ് പ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷമാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. കൂടാതെ ഭിന്നതകള്‍ മാറ്റിവെച്ച് തന്റെ നയങ്ങള്‍ പ്രചരിപ്പിക്കാനും അദേഹം ആഹ്വാനം ചെയ്തു.

ഈ വര്‍ഷം നവംബറിലാണ് യുഎസില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുക. ട്രംപിന്റെ പാര്‍ട്ടി പരാജയപ്പെട്ടാല്‍ അദേഹത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടില്ല. എന്നാല്‍ ട്രംപിന് തന്റെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് തിരിച്ചടികള്‍ ഉണ്ടായേക്കും. നിയമ നിര്‍മാണങ്ങള്‍ക്ക് നിര്‍ണായകമായ യു.എസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നേടും എന്നതിനാലാണ് അത്.

അതുകൊണ്ട് തന്നെ ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള ഒരു കോണ്‍ഗ്രസിന് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കാനും സാധിക്കും. യു.എസ് ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയത് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകള്‍ ട്രംപിനെതിരെ ഇതിനോടകം തന്നെ ഇംപീച്ച്മെന്റ് ആവശ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച മേരിലാന്‍ഡില്‍ നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം ഏപ്രില്‍ മക്ലൈന്‍ ഡെലാനി ഡെമോക്രാറ്റിക് കോക്കസിനോട് ആവശ്യപ്പെട്ടിരുന്നു.

ട്രംപിന്റെ ആദ്യ ടേമില്‍ രണ്ട് തവണ അദേഹം ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടിരുന്നു. എന്നാല്‍ അന്ന് സെനറ്റ് അദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.