സഹോദരങ്ങള്‍ക്ക് കരളലിയിക്കുന്ന യാത്രാമൊഴിയേകി ദുബായ്: നാല് കുരുന്നുകള്‍ക്ക് ഒരുമിച്ച് നിത്യ നിദ്ര

സഹോദരങ്ങള്‍ക്ക് കരളലിയിക്കുന്ന യാത്രാമൊഴിയേകി ദുബായ്: നാല് കുരുന്നുകള്‍ക്ക് ഒരുമിച്ച് നിത്യ നിദ്ര

ദുബായ്: അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളായ അഷസ് (14), അമ്മാര്‍ (12), അസം (7), അയാഷ് (5) എന്നിവരുടെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ദുബായ് ഖിസൈസിലെ ശ്മശാനത്തില്‍ നടത്തി. അടുത്തടുത്താണ് നാല് പേര്‍ക്കും അന്ത്യവിശ്രമം ഒരുക്കിയത്.

മലപ്പുറം കിഴിശേരി സ്വദേശികളായ അബ്ദുല്‍ ലത്തീഫിന്റെയും റുക്‌സാ നയുടെയും നാല് മക്കളും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്‌റയുമാണ് ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ മരിച്ചത്.

അപകടത്തെ തുടര്‍ന്ന് അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ ലത്തീഫ് ദുബായിലെത്തി മക്കള്‍ക്ക് അന്ത്യോപചാരമര്‍പ്പിച്ചിരുന്നു. ലത്തീഫിനെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പാടുപെട്ടു. ഒടുവില്‍ അന്ത്യചുംബനം നല്‍കി നാല് പേരെയും യാത്രയാക്കുകയായിരുന്നു.

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലുള്ള റുക്‌സാന അബുദാബിയിലെ ആശുപത്രിയില്‍ വെച്ചാണ് മക്കള്‍ക്ക് യാത്രാമൊഴി നല്‍കിയത്.
പൊന്നോമനകള്‍ക്ക് മാതാവ് അന്ത്യയാത്രയേകുന്നത് കണ്ടുനില്‍ക്കാനാകാതെ അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റി മുഴുവന്‍ ഹൃദയവേദനയിലായിരുന്നു. റുക്‌സാനയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയില്‍ മൃതദേഹങ്ങള്‍ എത്തിച്ചായിരുന്നു യാത്രാമൊഴിയേകാന്‍ അവസരം ഒരുക്കിയത്.

അപകട വിവരം അറിഞ്ഞ് റുക്‌സാനയുടെ മാതാവ് ഷാഹിദയും സഹോദരിയും സഹോദരങ്ങളും നാട്ടില്‍ നിന്ന് എത്തിയിരുന്നു. അബ്ദുല്‍ ലത്തീഫിനെയും മകള്‍ ഇസയെയും ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. റുക്‌സാന ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.