ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് ( GATEഗേറ്റ്) 2026 നുള്ള രജിസ്‌ട്രേഷന്‍ തിയതി നീട്ടി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. നേരത്തെ സെപ്റ്റംബര്‍ 25 നായിരുന്നു അവസാന തിയതിയായി പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് സെപ്റ്റംബര്‍ 28 വരെ ആക്കി. ഇപ്പോള്‍ ഒക്ടോബര്‍ ആറ് വരെ നീട്ടിയാണ് വിജ്ഞാപനം.
ലേറ്റ് ഫീസ് അടച്ച് ഒക്ടോബര്‍ ഒമ്പത് വരെ അപേക്ഷിക്കാനാകും. പരീക്ഷ നേരത്തെ പ്രഖ്യാപിച്ചത് പോലെ 2026 ഫെബ്രുവരി 7,8,14,15 തിയതികളിലായിരിക്കും നടക്കുക. പരീക്ഷാ ഫലം മാര്‍ച്ച് 19 ന് പ്രഖ്യാപിക്കും. ഗേറ്റ് സ്‌കോറിന് ഫലം പ്രഖ്യാപിച്ച തിയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് സാധുതയുണ്ടായിരിക്കും.
പരീക്ഷാ തീയതിയും സമയവും
വിവിധ മാസ്റ്റേഴ്സ്, ഡോക്ടറല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും ചില പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനും ഗേറ്റ് സ്‌കോറിന് സാധുതയുണ്ട്. ഇത്തവണ എന്‍ജിനിയറിങ് സയന്‍സസ് പേപ്പറില്‍ എനര്‍ജി സയന്‍സിനെക്കുറിച്ചുള്ള ഒരു പുതിയ വിഭാഗം ഉണ്ടായിരിക്കും.
2026 ഫെബ്രുവരിയില്‍ നടക്കുന്ന ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) 2026 ന്റെ സംഘാടക സ്ഥാപനം ഐഐടി ഗുവാഹത്തി ആണ്. ഗേറ്റ് 2026 ഫെബ്രുവരി 7, 8,(ശനി,ഞായര്‍) ഫെബ്രുവരി 14, 15 തിയതികളില്‍ (ശനി, ഞായര്‍) നടക്കും. ഓരോ ദിവസവും രണ്ട് സെഷനുകള്‍ ഉണ്ടായിരിക്കും. രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചയ്ക്ക് 2:30 മുതല്‍ വൈകുന്നേരം 5:30 വരെയുമായിരിക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് ഇവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.
യോഗ്യത
യുജി ഡിഗ്രി പ്രോഗ്രാമിന്റെ മൂന്നാം വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷങ്ങളില്‍ പഠിക്കുന്നവരോ എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് എന്നിവയില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദം പൂര്‍ത്തിയാക്കിയവരോ ആയിരിക്കണം.
ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്സ് (ഇന്ത്യ) (IE), ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സിവില്‍ എഎന്‍ജിനിയേഴ്‌സ് (ICE), ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനിയേഴ്സ് (IETE), എയറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (AeSI), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എന്‍ജിനിയേഴ്സ്, ഇന്‍ക്ലൂഡിങ് പോളിമര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പ് (IIChE),ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റല്‍സ് (IIM),ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയേഴ്സ് (IIIE) എന്നിങ്ങനെയുള്ള ഏതെങ്കിലും പ്രൊഫഷണല്‍ സൊസൈറ്റികളില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ നേടിയവര്‍ക്ക്, B.E./B.Tech./B.Arch./B.Planning മുതലായവയ്ക്ക് തുല്യമായി MoE/AICTE/UGC/UPSC അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അങ്ങനെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഏതെങ്കിലും ബിരുദ പ്രോഗ്രാമിന്റെ മൂന്നാം വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷങ്ങളില്‍ പഠിക്കുന്നവരോ എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് എന്നിവയില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കിയവരോ ആയവര്‍ക്ക് ഗേറ്റ് 2026 എഴുതാന്‍ അര്‍ഹതയുണ്ട്.
ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് യോഗ്യതാ ബിരുദം നേടിയ അല്ലെങ്കില്‍ പഠിക്കുന്ന അപേക്ഷകര്‍ നിലവില്‍ മൂന്നാം വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷത്തിലായിരിക്കണം അല്ലെങ്കില്‍ എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് എന്നിവയില്‍ ബാച്ചിലേഴ്‌സ് ബിരുദം (കുറഞ്ഞത് മൂന്ന് വര്‍ഷത്തെ കാലാവധി) പൂര്‍ത്തിയാക്കിയിരിക്കണം.
അപേക്ഷ ഫീസ്
ഒരു പരീക്ഷാര്‍ത്ഥിക്ക് ഒന്നോ രണ്ടോ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. പരീക്ഷാര്‍ത്ഥികള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത രണ്ട് പേപ്പറുകള്‍ മാത്രമെ എഴുതാന്‍ അനുവദിക്കൂ.
പൊതുവിഭാഗത്തില്‍ ഉള്ളവര്‍ ഒക്ടോബര്‍ ആറ് വരെ ഫീസ് അടയ്ക്കുമ്പോള്‍ ഒരു പേപ്പറിന് 2000 രൂപ അടയ്ക്കണം. സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ ഭിന്നശേഷിക്കാര്‍ എന്നിവര്‍ 1,000രൂപ അടച്ചാല്‍ മതിയാകും. ഒക്ടോബര്‍ ഒമ്പത് വരെ ലേറ്റ് ഫീസ് ഉള്‍പ്പടെ അടയ്ക്കുമ്പോള്‍ അത് യഥാക്രമം 1,500 രൂപയും 2,500 രൂപയും അടയ്ക്കണം. ഈ അപേക്ഷാ ഫീസ് ഒരു പരീക്ഷാ പേപ്പറിനുള്ളതാണ്. രണ്ട് പേപ്പറുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ഇരട്ടി ഫീസ് അടയ്ക്കണം.
വിശദവിവരങ്ങള്‍ക്ക്: https://gate2026.iitg.ac.in/
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.