കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രീയ സിനിമ മേഖലകളിലെ പ്രമുഖര്‍.
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന്: മുഖ്യമന്ത്രി പിണറായി വിജയന്‍
ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ല. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവച്ചത്. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ച് വളര്‍ന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്‌നത്തിലൂടെ പ്രായോഗിക തലത്തില്‍ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
ശ്രീനിവാസനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
സരസമായ വാക്കുകളിലൂടെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മലയാളത്തിന് മറന്ന് പോകാന്‍ കഴിയാത്ത ദേശീയ നിലവാരമുളള കലാകാരനാണ് അദേഹമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശ്രീനിവാസന്‍ കാലത്തിന് മുന്നേ നടന്ന വ്യക്തിയാണെന്നും അദേഹത്തെ കാണണം എന്നാഗ്രഹിച്ചിരിക്കുമ്പോഴാണ് മരണവാര്‍ത്ത എത്തിയതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഗംഭീര നടനും നല്ല മനുഷ്യനും: സഹപാഠിയുടെ വേര്‍പാടില്‍ രജനികാന്ത്
ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്ന് നടന്‍ രജനികാന്ത്.
''എന്റെ നല്ല സുഹൃത്ത് ശ്രീനിവാസന്‍ ഇനിയില്ല എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ സഹപാഠിയായിരുന്നു. ഗംഭീര നടനും വളരെ നല്ല മനുഷ്യനുമായിരുന്നു. അദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു'' -രജനികാന്ത് പറഞ്ഞു.
ശ്രീനിയുടെ വേര്‍പാടില്‍ മോഹന്‍ലാല്‍
ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായപ്പോഴെല്ലാം അത് അവസാനിച്ചത് ഒരു ചുംബനത്തിലായിരുന്നു എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
അനുസ്മരിച്ച് ഉര്‍വശി
ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങല്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉര്‍വശി. ഏറ്റവും അധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസന്‍. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ശ്രീനിയേട്ടന്റെ കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാന്‍ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദേഹമെന്നും ഉര്‍വശി പറഞ്ഞു.
ശ്രീനിവാസന് ആദരാഞ്ജലിയര്‍പ്പിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും
എല്ലാ ചിരികള്‍ക്കും നന്ദി എന്നായിരുന്നു യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും പ്രതികരിച്ചത്. നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും. എക്കാലത്തെയും മികച്ച എഴുത്തുകാരില്‍, സംവിധായകരില്‍, നടന്മാരില്‍ ഒരാള്‍ക്ക് വിട. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, ഇതിഹാസത്തിന് നിത്യശാന്തി നേരുന്നുവെന്നാണ് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
എന്റെ ബാല്യകാല സിനിമാ ഓര്‍മ്മകളില്‍ ഒരു ഭാഗമായിരുന്നു. നിങ്ങള്‍ക്കൊപ്പം സിനിമയില്‍ അഭിനയിക്കാനും നിങ്ങള്‍ ഏഴുതിയ വാക്കുകള്‍ പറയാനും സാധിച്ചത് നിറഞ്ഞ സന്തോഷത്തോടെ ഓര്‍ക്കുന്നു. എല്ലാ ചിരികള്‍ക്കും ആനന്ദത്തിനും നന്ദി ശ്രീനിയേട്ടാ, നിങ്ങളെ ശരിക്കും മിസ് ചെയ്യുമെന്നാണ് ഇന്ദ്രജിത്ത് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്.
ഞാന്‍ ആദ്യം പാടിയ പാട്ടിലെ നടന്‍: ഗായകന്‍ ജി.വേണുഗോപാല്‍
നടന്‍ ശ്രീനിവാസന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ഗായകന്‍ ജി. വേണുഗോപാല്‍. താന്‍ ആദ്യം പാടിയ പാട്ടില്‍ അഭിനയിച്ച നടന്‍ എന്ന് ഓര്‍ത്തെടുത്താണ് വേണുഗോപാല്‍ ഫെയ്‌സിബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു: മുകേഷ്
ശ്രീനിവാസനുമായുണ്ടായിരുന്നത് 43 വര്‍ഷത്തെ ദൃഢ സൗഹൃദമാണെന്ന് നടനും എംഎല്‍എയുമായ എം. മുകേഷ്. എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമായിരുന്നു ശ്രീനിവാസന്റേത്. ഒരു തിരക്കഥ കിട്ടിയാല്‍ 10 ചോദ്യം അങ്ങോട്ട് ചോദിക്കും. അതിന് മറുപടി പറഞ്ഞാലേ സിനിമ നടക്കുകയുള്ളൂവെന്നും മുകേഷ് ഓര്‍മിച്ചു.
രണ്ടാഴ്ച്ച കൂടുമ്പോള്‍ ശ്രീനിവാസന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു: സത്യന്‍ അന്തിക്കാട്
രണ്ടാഴ്ച്ച കൂടുമ്പോള്‍ ശ്രീനിവാസന്റെ വീട്ടില്‍ പോകാറുണ്ടെന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ വീട്ടില്‍ തുടരുമെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കാലിന് സര്‍ജറി കഴിഞ്ഞ് വാക്കറിലായിരുന്നു നടന്നിരുന്നത്. തിരിച്ചുവരാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്നൊരു സിനിമയുടെ പ്രസക്തിയെ കുറിച്ച് ഞങ്ങളിരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സത്യന്‍ അന്തിക്കാടിന് വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല. വളരെ വൈകാരികമായായിരുന്നു പ്രതികരണം.
ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് മന്ത്രി സജി ചെറിയാന്‍
സംവിധായകന്‍ എന്ന നിലയിലുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സാധാരണ മനുഷ്യന്റെ ജീവിതം വളരെ അര്‍ത്ഥവത്തായി കേരളത്തിന്റെ മലയാളി മനസ്സുകളില്‍ അവതരിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള കോംബോ. മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ഒട്ടേറെ സമയങ്ങളുണ്ടായെന്നും അഭിനയത്തില്‍ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസനെന്നും മന്ത്രി സജി ചെറിയാന്‍ അനുസ്മരിച്ചു.
പ്രിയ സുഹൃത്തിന്റെ സഹോദരന്റെ വേര്‍പാട് വേദനയുണ്ടാക്കുന്നു: മന്ത്രി കെ.ബി ഗണേഷ് കുമാര്‍
താനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ സഹോദരന്റെ വേര്‍പാട് വേദനയുണ്ടാക്കുന്നുവെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അനുസ്മരിച്ചു. ലോകത്തിന്റെ ഏത് കോണില്‍ മലയാളികള്‍ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓര്‍ക്കാതെ കടന്ന് പോകില്ല. 'ദാസാ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് മോനേ...' തുടങ്ങി മലയാളികള്‍ എന്നും ഓര്‍ക്കുന്ന എത്ര എത്ര ഡയലോഗുകള്‍. ഇനി ഇതുപോലെ ഒരു കലാകാരനെ നമ്മള്‍ക്ക് കിട്ടില്ല. ഓരോ രചനകളും മലയാളികളെ സംബന്ധിച്ചിടത്തോളം ചിരികള്‍ മാത്രമല്ല സമ്മാനിച്ചത്, അവരെ ചിന്തിപ്പിക്കുക കൂടിയാണ് ചെയ്തത്. തീരാ നഷ്ട്ടമാണെന്നും ഈ വിടവ് ഒരിക്കലും മലയാളികള്‍ക്ക് നികത്താന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഒരു മനുഷ്യ സ്‌നേഹിയെയാണ് നഷ്ടമായത്: എം.വി ഗോവിന്ദന്‍
അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോഴും മനസ് നിറയെ പുതിയ ലോകം രൂപപ്പെടണമെന്ന് ശ്രീനിവാസന്‍ ആഗ്രഹിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അങ്ങനെയൊരു മനുഷ്യസ്‌നേഹിയെയാണ് നഷ്ടമായത്. എത്ര ഗൗരവമുള്ള വിഷയവും സരസമായി അവതരിപ്പിച്ച അതുല്യ പ്രതിഭാ ശാലിയായിരുന്നു അദേഹം. സാധാരണ മനുഷ്യരുടെ ജീവിതം കൃത്യമായി അവതരിപ്പിക്കാന്‍ കഴിവുള്ള പ്രതിഭയായിരുന്നു. ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ബഹുമതികളോടെ നടക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.