ന്യൂഡല്‍ഹി: കരയിലും കടലിലും ഇന്ത്യയെ പ്രകോപിപ്പിച്ച് ബംഗ്ലാദേശ്. ഇരുരാജ്യങ്ങളും തമ്മില്‍ രണ്ട് മാസമായി ബംഗാള്‍ ഉള്‍ക്കടലില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ബംഗ്ലാദേശ് മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന അസാധാരണ രീതി ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാവികസേനയുടെ പട്രോളിങ് ബോട്ട് 16 മത്സ്യത്തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ഒരു ഇന്ത്യന്‍ ട്രോളറില്‍ ഇടിച്ചതിനെ തുടര്‍ന്ന് അത് മറിയുകയുണ്ടായി. കൂടാതെ രണ്ട് ദിവസം മുമ്പ് ഇന്ത്യന്‍ ജലാതിര്‍ത്തിയിലേക്ക് പ്രവേശിച്ച രണ്ട് ബംഗ്ലാദേശ് മത്സ്യബന്ധന ബോട്ടുകളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തടയുകയും അനധികൃതമായി ശേഖരിച്ചിരുന്ന മത്സ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗ്ലാദേശില്‍ ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ വര്‍ധിച്ച് വരുന്നതിനിടയിലാണ് കടലിലും ഇത്തരം സംഭവ വികാസങ്ങള്‍ നടക്കുന്നത്. ഷെയ്ഖ് ഹസീന ഭരണകൂടം വീണതിന് ശേഷം, മുഹമ്മദ് യൂനുസിന്റെ കീഴിലെത്തിയ ബംഗ്ലാദേശ്, ഇന്ത്യയുടെ പിന്‍വാതില്‍ എന്നറിയപ്പെടുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരികയാണ്.
തങ്ങള്‍ ബംഗ്ലാദേശ് സമുദ്രത്തിന്റെ കാവല്‍ക്കാരാണെന്ന് യൂനുസ് ഈയടുത്ത് അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യ ആശങ്ക പങ്കുവെച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.