നാഷണല്‍ ഹെറാള്‍ഡ് കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് തിരിച്ചടി; കുറ്റപത്രം സ്വീകരിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി കോടതി

നാഷണല്‍ ഹെറാള്‍ഡ് കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് തിരിച്ചടി; കുറ്റപത്രം സ്വീകരിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് തിരിച്ചടി. ഗാന്ധി കുടുംബത്തിന് എതിരായി ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഡല്‍ഹി റൗസ് അവന്യു കോടതി ഇടപെടാന്‍ വിസമ്മതിച്ചു. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപ്പത്രം സ്വീകരിക്കാന്‍ വിസമ്മതിച്ചത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം. ഈ കുറ്റപ്പത്രമാണ് ഇഡി കോടതിയില്‍ സമര്‍പിച്ചത്. എതെങ്കിലും എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ അല്ല ഇഡി കേസെടുത്ത് കുറ്റപ്പത്രം നല്‍കിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

നിലവില്‍ നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഗൂഢാലോചനയില്‍ ഡല്‍ഹി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. സാം പിത്രോഡ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സുമന്‍ ദുബൈ എന്നിവരാണ് മറ്റ് പ്രതികള്‍. യങ് ഇന്ത്യ കമ്പനി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 90 കോടിയിലധികം രൂപയുടെ കടം 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നാണ് കേസ്.

അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസ് രാഹുല്‍ ഗാന്ധിയുടെ മനോവീര്യം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പവന്‍ ഖേര ആരോപിച്ചു. ഈഡി കുറ്റപത്രം കോടതി തള്ളിയ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദേഹം രൂക്ഷ പ്രതികരണം നടത്തിയത്. ഗൂഢാലോചന എംപിക്കെതിരെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.