വി.കെ ഇബ്രാഹിം കുഞ്ഞിന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദില്‍

വി.കെ ഇബ്രാഹിം കുഞ്ഞിന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദില്‍

കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞിന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും. ഇന്നലെ രാത്രി പത്തോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലെത്തിച്ചിരുന്നു. രാവിലെ ഒന്‍പത് വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് പത്തിന് ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദില്‍ സംസ്‌കാരം നടക്കും.

വ്യവസായ മന്ത്രി പി. രാജീവും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ഇന്നലെ കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിനോടുള്ള ആദര സൂചകമായി മുസ്ലിം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു. കെ.സി വേണുഗോപാല്‍, പി.കെ കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങള്‍ തുടങ്ങിയവര്‍ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറേനാളായി ചികിത്സയിലായിരുന്നു.

ലീഗിലെ ജനകീയനായ നേതാവാവായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞ്. നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിം കുഞ്ഞ്, മധ്യ കേരളത്തിലെ ലീഗിന്റെ ജനകീയ മുഖമായിരുന്നു. എംഎസ്എഫിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011 ലും, 2016 ലും കളമശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎല്‍എ, കളമശേരി മണ്ഡലത്തിന്റെ ആദ്യ എംഎല്‍എ എന്നി വിശേഷണങ്ങളും വി.കെ ഇബ്രാഹിംകുഞ്ഞിനുള്ളതാണ്.

2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു അദേഹം. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദേഹം എംഎല്‍എയായി. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.