വത്തിക്കാൻ സിറ്റി: ഉണ്ണിയേശുവിനോട് കൂടുതൽ ചേർന്നുനിൽക്കാൻ വിശ്വാസികളെ ക്ഷണിച്ചും യഥാർത്ഥ ദൈവാരാധന മനുഷ്യത്വത്തോടുള്ള കരുതൽ കൂടിയാണെന്ന് ഓർമ്മിപ്പിച്ചും ലിയോ പതിനാലാമൻ മാർപാപ്പ. ക്രിസ്മസിന് ശേഷമുള്ള രണ്ടാം ഞായറാഴ്ച ത്രികാലജപ പ്രാർഥനയോടനുബന്ധിച്ച് വചന സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
'ക്രിസ്മസിന്‍റെ ആനന്ദം നമ്മുടെ യാത്ര തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നതാകട്ടെ' എന്ന ആശംസയോടെയാണ് പാപ്പാ പ്രസംഗം ആരംഭിച്ചത്. ആസന്നമായിരിക്കുന്ന ദനഹാ തിരുനാൾ ദിനത്തിൽ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കുന്നതോടെപ്രത്യാശയുടെ ജൂബിലി വർഷം അവസാനിക്കുമെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
'ക്രിസ്മസിൻ്റെ ദൈവീകരഹസ്യത്തിൽ നാമേവരും മുഴുകിയിരിക്കുന്ന ഈ സന്ദർഭത്തിൽ, ദൈവത്തിന്റെ മനുഷ്യാവതാരമാണ് നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം' - പാപ്പാ പറഞ്ഞു.
'വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു.' (യോഹന്നാന്‍ 1 : 14) ആ ദിവസത്തെ ആരാധനക്രമ വായനയിൽ നിന്നുള്ള ഈ വചനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം പറഞ്ഞു: 'ക്രിസ്തീയ പ്രത്യാശ ശുഭാപ്തി വിശ്വാസത്തോടെയുള്ള പ്രവചനങ്ങളിലോ മാനുഷികമായ കണക്കുകൂട്ടലുകളിലോ അല്ല മറിച്ച്, നമ്മുടെ യാത്രയിൽ പങ്കുചേരാനുള്ള ദൈവത്തിന്റെ തീരുമാനത്തെയും അക്കാരണത്താൽ തന്നെ ജീവിതവീഥിയിൽ നാം ഒരിക്കലും ഒറ്റയ്ക്കല്ല എന്ന ഉറപ്പിനെയും അടിസ്ഥാനമാക്കിയുള്ളതാണ്.
ദൈവത്തിന്റെ പ്രവൃത്തിയാൽ നമ്മുടെ പ്രത്യാശ വീണ്ടും ജ്വലിക്കുന്നു
യേശുവിൽ ദൈവം നമ്മിലൊരാളായിത്തീർന്നു. നമ്മോടൊപ്പം എന്നേക്കും ആയിരിക്കാൻ അവിടുന്ന് തിരുമനസ്സായി. ദുർബലമായ മനുഷ്യ ശരീരത്തിൽ, യേശുവിന്റെ വരവിലൂടെ പ്രത്യാശ വീണ്ടും ജ്വലിച്ചു. അതേസമയം, ദൈവത്തോടും മനുഷ്യരോടുമുള്ള ഒരു 'ഇരട്ടി പ്രതിബദ്ധത' അത് നമ്മിൽനിന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ബലഹീനമായ മനുഷ്യപ്രകൃതിയെ തൻ്റെ വാസസ്ഥലമായി തിരഞ്ഞെടുത്തുകൊണ്ട് അവിടുന്ന് ശരീരം ധരിച്ചു. അതിനാൽ, മനുഷ്യാവതാരത്തെപ്പറ്റി ധ്യാനിക്കുമ്പോൾ കേവല സിദ്ധാന്തങ്ങളേക്കാളുപരി യേശുവിൻ്റെ ശരീരത്തെക്കുറിച്ചാണ് നാം ആദ്യം ധ്യാനിക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
നമ്മുടെ ആധ്യാത്മികതയും വിശ്വാസ പ്രകടനങ്ങളും എപ്രകാരമുള്ളതെന്ന് പരിശോധിക്കാം
അതിനാൽ, നമ്മുടെ ആധ്യാത്മികതയും നാം വിശ്വാസം പ്രകടിപ്പിക്കുന്ന വിവിധ രീതികളും മനുഷ്യാവതാര രഹസ്യത്തിന്റെ യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്നവയാണോ എന്ന് നിരന്തരം പരിശോധിക്കേണ്ടതുണ്ട്. ഇതിനായി, യേശുവിൽ നമ്മെ കണ്ടുമുട്ടുന്ന ദൈവത്തെ ധ്യാനിക്കുകയും പ്രഘോഷിക്കുകയും അവിടുത്തോട് പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് പാപ്പ പറഞ്ഞു.
സർവ്വ സമ്പൂർണതയുമുള്ള സ്വർഗത്തിൽ വസിക്കുന്ന ഒരു വിദൂര ദൈവമല്ല നമുക്കുള്ളത്. മറിച്ച്, നമ്മുടെ ചാരെയുള്ളവനും നശ്വരമായ ഈ ഭൂമിയിൽ നമ്മോടൊപ്പം വസിക്കുന്നവനും നമ്മുടെ സഹോദരീ സഹോദരന്മാരുടെ മുഖത്ത് സന്നിഹിതനാകുന്നവനും അനുദിന ജീവിത സാഹചര്യങ്ങളിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്നവനുമാണ് അവിടുന്ന്.
യഥാർത്ഥ ദൈവാരാധന മാനുഷികതയുടെ സംരക്ഷണം ആവശ്യപ്പെടുന്നു
എല്ലാ സ്ത്രീപുരുഷന്മാരോടുമുള്ള നമ്മുടെ പ്രതിബദ്ധത സ്ഥിരതയുള്ളതായിരിക്കണമെന്ന് പാപ്പ ഓർമ്മപ്പെടുത്തി. ദൈവം നമ്മിലൊരാളായി തീർന്നതിനാൽ, മനുഷ്യ സൃഷ്ടികളേവരും അവിടുത്തെ പ്രതിച്ഛായ വഹിക്കുന്നവരും അവിടുത്തെ പ്രകാശത്തിന്റെ ഒരു തീപ്പൊരി ഉൾക്കൊള്ളുന്നവരുമാണെന്ന് ലിയോ പാപ്പാ ഓർമ്മപ്പെടുത്തി.
ഓരോ വ്യക്തിയുടെയും അലംഘനീയമായ അന്തസ്സ് തിരിച്ചറിയാനും സ്നേഹത്തിൽ പരസ്പരം സമർപ്പിക്കാനും മനുഷ്യാവതാര രഹസ്യം നമ്മെ ക്ഷണിക്കുന്നു. സാഹോദര്യവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതിന് സുവ്യക്തമായ പ്രതിബദ്ധത ഇത് നമ്മിൽനിന്ന് ആവശ്യപ്പെടുന്നു. എല്ലാ മാനുഷിക ബന്ധങ്ങളുടെയും മാനദണ്ഡം ഐക്യദാർഢ്യമായി മാറ്റാൻ ഇത് നമ്മെ പ്രാപ്തരാക്കുന്നു.
നമ്മെ വഴി നടത്തുന്ന ക്രിസ്മസിന്‍റെ ആനന്ദം
ക്രിസ്മസിന്റെ ആനന്ദം നമ്മുടെ യാത്ര തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ദൈവത്തെയും നമ്മുടെ അയൽക്കാരെയും സേവിക്കാൻ നമ്മെ കൂടുതൽ സജ്ജരാക്കാൻ പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് അപേക്ഷിക്കാം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.