വെനിസ്വേലയ്‌ക്കെതിരായ അമേരിക്കന്‍ നടപടി; ഇന്ത്യന്‍ വാണിജ്യ പങ്കാളികളെ ബാധിച്ചേക്കും

വെനിസ്വേലയ്‌ക്കെതിരായ അമേരിക്കന്‍ നടപടി; ഇന്ത്യന്‍ വാണിജ്യ പങ്കാളികളെ ബാധിച്ചേക്കും

ന്യൂഡല്‍ഹി: വെനിസ്വേലയ്‌ക്കെതിരായ അമേരിക്കന്‍ സൈനിക നടപടി ഇന്ത്യന്‍ വാണിജ്യ പങ്കാളികള്‍ക്ക് തിരിച്ചടി ആയേക്കും. കാരക്കാസുമായി ഇന്ത്യയ്ക്ക് ദീര്‍ഘകാലമായി ഒരു ബന്ധം ഉണ്ട്. നിലവിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ വെനിസ്വേലയുമായും ലാറ്റിനമേരിക്കയുമായുള്ള ബന്ധത്തെ പുനപരിശോധിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചേക്കും.

പരമാധികാരത്തെ മാനിക്കല്‍, അന്യരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാതിരിക്കല്‍, രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ച് സമാധാനപരമായി തര്‍ക്കങ്ങള്‍ പരിഹരിക്കല്‍ എന്നിവയില്‍ ഊന്നിയതാണ് ഇന്ത്യയുടെ വിദേശ നയം. ഒരു വന്‍ ശക്തി ഏകപക്ഷീയമായി സൈനിക അധിനിവേശം നടത്തുമ്പോള്‍ ഈ തത്വങ്ങളെല്ലാം വെല്ലുവിളിക്കപ്പെടുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

മാത്രമല്ല ഇന്ത്യയും വെനിസ്വേലയും തമ്മില്‍ ഊഷ്മളമായ ബന്ധത്തിന്റെ ചരിത്രമാണ് ഉള്ളത്. സുപ്രധാന രാജ്യാന്തര, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളില്‍ സമാനമായ കാഴ്ചപ്പാട് ഉള്ളവരുമാണ്. ഉഭയകക്ഷി സഹകരണത്തിനപ്പുറം ഈ ശക്തമായ പങ്കാളിത്തം വ്യാപിച്ചിരിക്കുന്നു. മാത്രമല്ല ബഹുവിധ വേദികളില്‍ ഇരുരാജ്യങ്ങളും സജീവമായി സഹകരിക്കുന്നുമുണ്ട്.

വെനിസ്വേല ദീര്‍ഘകാലമായി ഇന്ത്യയുടെ ഊര്‍ജ്ജ പങ്കാളിയാണ്. വന്‍തോതില്‍ അസംസ്‌കൃത എണ്ണ മികച്ച വ്യവസ്ഥയില്‍ ഇവര്‍ ഇന്ത്യയ്ക്ക് നല്‍കുന്നുണ്ട്. ഉപരോധങ്ങളും സാമ്പത്തിക അസ്ഥിരതയും മൂലം എണ്ണ വിതരണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് വെനിസ്വേലന്‍ ഊര്‍ജ്ജ വിഭവങ്ങളിലാണ് താല്‍പര്യമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ഇന്ത്യയും വെനിസ്വേലയും തമ്മില്‍ 2023-24 ല്‍ 117.5 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടന്നതായി കാരക്കസിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പങ്കുവച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്ന് വെനിസ്വേലയിലേക്ക് പ്രധാനമായും കയറ്റി അയക്കുന്നത് ധാതു ഇന്ധനങ്ങള്‍, എണ്ണ, ഇവ ശുദ്ധീകരിക്കാനാവശ്യമായ ഉല്‍പന്നങ്ങള്‍, ബിറ്റുമിന്‍, മരുന്നുകള്‍, പരുത്തി, ആണവ റിയാക്ടറുകള്‍, യന്ത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, സൗണ്ട് റെക്കോര്‍ഡറുകള്‍, ടെലിവിഷന്‍ ക്യാമറകള്‍, വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയാണ്. വെനിസ്വേലയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാകട്ടെ ധാതു ഇന്ധനങ്ങള്‍, അനുബന്ധ വസ്തുക്കള്‍, ഇരുമ്പുരുക്ക്, അലൂമിനിയം, പച്ചക്കറികള്‍, കിഴങ്ങുകള്‍, ചെമ്പ്, സിങ്ക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, തുകലും തുകല്‍ ഉല്‍പന്നങ്ങളും, പഴങ്ങള്‍, നട്സുകള്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, ജൈവ രാസവസ്തുക്കള്‍ തുടങ്ങിയവാണ്.

ഇന്ത്യയെ പോലുള്ള വന്‍കിട വാണിജ്യ പങ്കാളികള്‍ക്ക് വെനിസ്വേലയില്‍ അമേരിക്ക നടത്തുന്ന അധിനിവേശം വലിയ തിരിച്ചടിയാകുമെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായ ഒരു സോഷ്യല്‍ സയന്‍സ് സ്ഥാപനത്തിന്റെ മുന്‍ മേധാവിയും ലാറ്റിനമേരിക്കന്‍ കാര്യ വിദഗ്ധനുമായ ആഷ് നരെയ്ന്‍ റോയ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ദീര്‍ഘകാലമായി വെനിസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നുമുണ്ട്.

മാത്രമല്ല ഇന്ത്യ വന്‍ തോതില്‍ അസംസ്‌കൃത എണ്ണ വാങ്ങുകയും അത് മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇത് തന്നെയാണ് അമേരിക്കയും ചെയ്യുന്നത്. വെനിസ്വേലയില്‍ അധികാരമാറ്റമുണ്ടായാലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം നല്ല രീതിയില്‍ തുടരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ ശക്തികളുടെ തോക്ക് നയതന്ത്രജ്ഞതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെനിസ്വേലയിലെ അമേരിക്കന്‍ അധിനിവേശമെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.