രാമപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നും ലോകോത്തര നിലവാരമുള്ള വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ കേരളത്തില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. പരമ്പരാഗത പഠന രീതികളില്‍ നിന്ന് മാറി പുതിയ കാലത്തിന്റെ തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് വിദ്യാഭ്യാസ രംഗം പുനസംഘടിപ്പിക്കുമെന്നും അദേഹം വ്യക്തമാക്കി.
രാമപുരം ജെംസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ പുതിയ അക്കാദമിക് ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദേഹം. കാലഹരണപ്പെട്ട കോഴ്സുകളും തൊഴിലില്ലായ്മയുമാണ് നിലവില്‍ യുവതലമുറയെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ക്വാണ്ടം കമ്പ്യൂട്ടിങ്, ജനറ്റിക് എന്‍ജിനീയറിങ് തുടങ്ങിയ ആധുനിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയില്‍ പഠനപദ്ധതി പരിഷ്‌കരിക്കും. ഇതിനായി രൂപീകരിച്ച ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ വഴി ആഗോളതലത്തിലെ വിദഗ്ധര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കും.
വിവിധ പ്രതിസന്ധികള്‍ കാരണം വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകള്‍ക്കായി ജെംസ് കോളജില്‍ നടപ്പാക്കിയ 'ഞങ്ങളും കോളജിലേക്ക്' എന്ന മാതൃകാ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. ബിരുദ, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കാല്‍ ലക്ഷത്തോളം വനിതകള്‍ക്ക് ഉന്നത വിദ്യാഭ്യാസവും സുരക്ഷിതമായ തൊഴിലും ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജെംസ് ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, വി.എസ് ജോയ് എം.എല്‍.എ, കെ.പി നൗഷാദലി എം.എല്‍.എ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. റഷീദ് അഹമ്മദ് തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും അധ്യാപകരും ചടങ്ങില്‍ സാന്നിധ്യം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.