കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച വടകര ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ അധ്യാപികമാരെ വടകര എന്‍ഡിപിഎസ് കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ കാവ്യ, നീഷ്മ എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ നല്‍കിയത്. കേസില്‍ ഉള്‍പ്പെട്ട പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരായ മൂന്ന് പേരെയും വകുപ്പ് നേരത്തെ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
കോടതിയില്‍ ഹാജരാക്കുന്നതിനിടെ താന്‍ പൂര്‍ണമായും നിരപരാധിയാണെന്ന് പ്രതി കാവ്യ മാധ്യമങ്ങളോട് അവകാശപ്പെട്ടു. കേസില്‍ യാതൊരു പങ്കുമില്ലെന്നും ആസൂത്രിതമായി പെട്ടുപോയതാണെന്നുമാണ് കാവ്യയുടെ വാദം. കേസിലെ മറ്റൊരു പ്രതിയായ കീര്‍ത്തന നല്‍കുന്ന മൊഴികള്‍ വ്യാജമാണെന്നും യാഥാര്‍ഥ്യം വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമടക്കം അഞ്ച് പേരാണ് നിലവില്‍ ഈ കേസില്‍ അറസ്റ്റിലായിട്ടുള്ളത്.
സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത്. ലഹരി ആവശ്യക്കാരെ നേരിട്ട് കാണാതെ അക്കൗണ്ടുകള്‍ മുഖേന ഡിജിറ്റലായി പണമിടപാടുകള്‍ നടത്തി ലക്ഷങ്ങളുടെ ലഹരിയാണ് സംഘം വിറ്റഴിച്ചിരുന്നത്. അധ്യാപന രംഗത്തുള്ളവര്‍ തന്നെ ലക്ഷങ്ങളുടെ ലഹരി കച്ചവടത്തിന് നേതൃത്വം നല്‍കി എന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ശൃംഖലയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.