കത്തോലിക്കാ ബൈബിൾ അസോസിയേഷൻ തലപ്പത്ത് ചരിത്രത്തിൽ ആദ്യമായി ഒരു യഹൂദ വനിത

കത്തോലിക്കാ ബൈബിൾ അസോസിയേഷൻ തലപ്പത്ത് ചരിത്രത്തിൽ ആദ്യമായി ഒരു യഹൂദ വനിത

വാഷിങ്ടൺ: ‘കത്തോലിക്ക ബൈബിൾ അസോസിയേഷൻ ഓഫ് അമേരിക്ക’യുടെ (സിബിഎ) പ്രസിഡന്റായി പ്രമുഖ ദൈവശാസ്ത്ര പണ്ഡിതയായ ഏമി-ജിൽ ലെവിൻ തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം 90 വർഷത്തോളം പാരമ്പര്യമുള്ള ഈ സംഘടനയുടെ തലപ്പത്ത് എത്തുന്ന ആദ്യത്തെ യഹൂദ വംശജയാണ് ലെവിൻ എന്നത് ചരിത്രപരമായ ഒരു നേട്ടമാണ്.

അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിലാണ് ലെവിൻ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബൈബിളിന്റെ പുതിയ നിയമത്തിൽ ഏറെ അവഗാഹമുള്ള ലെവിൻ 1988 മുതൽ ഈ സംഘടനയിൽ സജീവമായി പ്രവർത്തിച്ചു വരികയാണ്. ഈ ഉന്നത ചുമതല ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഇതൊരു വലിയ അംഗീകാരമായി കാണുന്നുവെന്നും ലെവിൻ പ്രതികരിച്ചു.

കത്തോലിക്കാ സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംഘടനയല്ലെങ്കിലും, യു.എസ് കത്തോലിക്കാ മെത്രാൻ സമിതിക്ക് ബൈബിൾ പരിഭാഷയിലും മതബോധനത്തിലും വിലയേറിയ ഉപദേശങ്ങൾ നൽകുന്ന പ്രധാന സംഘടനയാണ് സിബിഎ. തന്റെ നിലപാടുകൾ കത്തോലിക്കാ സഭാ പഠനങ്ങളുമായി പൂർണമായും ചേർന്നു പോകുന്നതാണെന്ന് ലെവിൻ വ്യക്തമാക്കി.

ചരിത്രപരമായി ശരിയായതും സമൂഹങ്ങൾക്ക് പ്രചോദനം നൽകുന്നതുമായ രീതിയിൽ തിരുവെഴുത്തുകളെ സമീപിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഓർത്തഡോക്സ് യഹൂദ കുടുംബത്തിൽ ജനിച്ചു വളർന്ന ലെവിൻ, ചെറുപ്പകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങളിൽ നിന്നാണ് ക്രിസ്തീയ-യഹൂദ ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. "സ്നേഹത്തിന്റെ സുവിശേഷം വെറുപ്പിന്റെ ആയുധമാകരുത്" എന്ന ലക്ഷ്യത്തോടെയാണ് താൻ പുതിയ നിയമം പഠിക്കാൻ തുടങ്ങിയതെന്ന് ലെവിൻ വ്യക്തമാക്കുന്നു.

കൂടാതെ, വത്തിക്കാനിലെ പൊന്തിഫിക്കൽ ബൈബിളിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ നിയമം പഠിപ്പിച്ച ആദ്യ യഹൂദ വനിത എന്ന അപൂർവ്വ റെക്കോർഡും ലെവിനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.