ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില ആക്രമണം: നെതന്യാഹുവിനെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് ആവശ്യപ്പെട്ട് തുര്‍ക്കി

ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില ആക്രമണം: നെതന്യാഹുവിനെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് ആവശ്യപ്പെട്ട് തുര്‍ക്കി

അങ്കാറ: ഗാസയിലേക്ക് മാനുഷിക സഹായങ്ങളുമായി നീങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുടെ കപ്പലുകള്‍ക്ക് നേരെ അന്താരാഷ്ട്ര സമുദ്രത്തില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നടപടി ആവശ്യപ്പെട്ട് തുര്‍ക്കി. നെതന്യാഹുവിനും മുതിര്‍ന്ന ഉദ്യോഗസ്ഥനായ അഫെക് മോസ്‌കോവിച്ചിനുമെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് തുര്‍ക്കി നീതിന്യായ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ മന്ത്രാലയം തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.

മെയ് മാസത്തില്‍ 430 ഓളം ലോക രാജ്യങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളുമായി ഗാസയിലേക്ക് പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില കപ്പല്‍ സംഘത്തെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് ഇസ്രയേല്‍ തടയുകയും സന്നദ്ധ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ നെതന്യാഹുവും മറ്റ് 37 ഉന്നത ഇസ്രയേലി നേതാക്കളും വംശഹത്യ, മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍, ബലപ്രയോഗത്തിലൂടെയുള്ള തടഞ്ഞുവെക്കല്‍, ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായ പീഡനം എന്നി ഗുരുതര കുറ്റങ്ങള്‍ ചുമത്തി വിചാരണ നേരിടണമെന്ന് തുര്‍ക്കി നീതിന്യായ മന്ത്രി അകിന്‍ ഗുര്‍ലേക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു.

അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഗാസ സഹായ ദൗത്യത്തിന് നേരെ നടന്ന ഈ സായുധാക്രമണത്തില്‍ ഫ്രാന്‍സ്, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഇതിനോടകം സ്വന്തം നിലയില്‍ നിയമനടപടികളുമായി മുന്നോട്ട് പോയിട്ടുണ്ട്. തുര്‍ക്കി കോടതി നേരത്തെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പ്രതികളെ അന്താരാഷ്ട്രതലത്തില്‍ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.