ദുബായ്: ദുബായിയുടെ വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ച് അരനൂറ്റാണ്ടോളം തലയുയര്‍ത്തി നിന്ന പ്രശസ്തമായ ടൊയോട്ട ബില്‍ഡിങ് ചരിത്രത്തിലേക്ക് മറയുമ്പോള്‍, നെഞ്ചുപൊട്ടുന്ന വേദനയോടെ പടിയിറങ്ങി പ്രവാസി കുടുംബങ്ങള്‍. നാസര്‍ റാഷിദ് ലൂത്ത ബില്‍ഡിങ് എന്ന ഔദ്യോഗിക നാമത്തേക്കാള്‍ പ്രവാസികളുടെ ഹൃദയത്തോട് ചേര്‍ന്നുനിന്നത് 1981 ല്‍ കെട്ടിടത്തിന് മുകളില്‍ ഉയര്‍ന്ന ആ വലിയ ചുവന്ന ടൊയോട്ട ബോര്‍ഡ് നല്‍കിയ പേരായിരുന്നു.
2027 ല്‍ കെട്ടിടം പൂര്‍ണ്ണമായി പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി റിയല്‍ എസ്റ്റേറ്റ് വിഭാഗം ഒഴിപ്പിക്കല്‍ നടപടികള്‍ ഊര്‍ജിതമാക്കിയതോടെയാണ് പതിറ്റാണ്ടുകളായി ഇവിടെ അധിവസിച്ചിരുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സ്വന്തം വീടുപോലെയുള്ള തണല്‍ നഷ്ടമാകുന്നത്. പ്രൈം ലൊക്കേഷനില്‍ കുറഞ്ഞ വാടകയ്ക്ക് സുരക്ഷിതമായി കഴിയാന്‍ സാധിച്ചിരുന്ന ഈ ഇടം നഷ്ടമാകുന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക, മാനസിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
1974 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 15 നിലകളുള്ള ഈ സമുച്ചയത്തില്‍ തലമുറകളായി താമസിച്ച് നഗരത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം വളര്‍ന്ന പല കുടുംബങ്ങള്‍ക്കും ഈ ഒഴിപ്പിക്കല്‍ കേവലമൊരു താമസം മാറ്റമല്ല, മറിച്ച് ഓര്‍മകളുടെ പൂക്കാലത്ത് നിന്നുള്ള വേദനയേറിയ പറിച്ചുനടലാണ്. നിലവില്‍ എഴുപത് ശതമാനത്തോളം താമസക്കാരും ഇവിടുത്തെ മിനിമാര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ഒഴിഞ്ഞ് വിപണിയിലെ മറ്റ് ഉയര്‍ന്ന നിരക്കുള്ള ഇടങ്ങളിലേക്ക് മാറിത്തുടങ്ങി.
അനധികൃതമായി മുറികള്‍ തിരിച്ച് ആളുകളെ തിക്കിത്തിരക്കി താമസിപ്പിച്ച ചില ഫ്‌ളാറ്റുകളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് മുനിസിപ്പാലിറ്റി വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേഗത കൂട്ടിയത്. കൃത്യമായ വാടകക്കരാറുള്ളവര്‍ക്ക് 2026 ഡിസംബര്‍ വരെ താമസിക്കാന്‍ നിയമപരമായ കാലാവധിയുണ്ടെങ്കിലും പ്രിയപ്പെട്ട ഇടം വൈകാതെ പൂര്‍ണമായി ഇല്ലാതാകുമെന്ന തിരിച്ചറിവില്‍ ഭൂരിഭാഗം പേരും നേരത്തെ തന്നെ പടിയിറങ്ങുകയായിരുന്നു.
ദുബായ് നഗരത്തിലേക്ക് ആദ്യമായി കാല്‍കുത്തിയ നാള്‍ തൊട്ട് ഗള്‍ഫ് ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ സമുച്ചയം പൊളിച്ചു നീക്കുമ്പോള്‍ പ്രവാസികളുടെ ഓര്‍മ പുസ്തകത്തിലെ ഒരു സുവര്‍ണ അധ്യായത്തിനാണ് തിരശീല വീഴുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.