കൊച്ചി: 2026 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം ചൂടിയ മലയാളി താരം കെസിയ ലിസ് മെജോയുടെ പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. കഴിഞ്ഞ മെയ് മാസത്തിൽ 'മിസ് യൂണിവേഴ്സ് കേരള' കിരീടം സ്വന്തമാക്കിയതിന് പിന്നാലെ പരമ്പരാഗത വസ്ത്രധാരണത്തിൽ കലൂർ സെന്റ് ആന്റണീസ് ദേവാലയത്തിലെത്തി നന്ദി പ്രകടിപ്പിച്ച് പ്രാർത്ഥിക്കുന്ന വീഡിയോ ആണ് താരം അന്ന് പങ്കുവെച്ചിരുന്നത്.
ജയ്പൂരിൽ നടന്ന സൗന്ദര്യ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർത്ഥികളെ പിന്തള്ളി കെസിയ 'മിസ് യൂണിവേഴ്സ് ഇന്ത്യ' പട്ടം നേടിയതോടെയാണ് ഈ ദൃശ്യങ്ങൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
പള്ളിയിലെ അൾത്താരയ്ക്ക് മുന്നിൽ കൈകൂപ്പി പ്രാർത്ഥിക്കുന്നതും, ഭക്ത്യാദരവോടെ തന്റെ കിരീടം മാറ്റി അൾത്താരയ്ക്ക് മുന്നിൽ സമർപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. "മിസ് യൂണിവേഴ്സ് കേരള 2026 എന്ന നിലയിൽ എന്റെ ഔദ്യോഗിക യാത്ര ആരംഭിക്കുന്നതിന് മുൻപ്, എപ്പോഴും എന്റെ പ്രാർത്ഥനകൾ കേൾക്കുകയും സ്നേഹം ചൊരിയുകയും ചെയ്ത ഒരിടത്തേക്ക് മടങ്ങിയെത്താനാണ് ഞാൻ ആഗ്രഹിച്ചത്" എന്നായിരുന്നു കെസിയ അന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
സർവ്വേശ്വരന്റെ അനുഗ്രഹത്തിന് നന്ദി പറഞ്ഞ താരം, മിസ് യൂണിവേഴ്സ് ഇന്ത്യ വേദിയിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുമ്പോൾ ഈ ദൈവാനുഗ്രഹം കൂടെയുണ്ടാകുമെന്നും വിശ്വസിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ഈ വീഡിയോ ഏറ്റെടുത്തത്.
രണ്ടു മാസങ്ങൾക്കിപ്പുറം രാജ്യത്തിന്റെ സൗന്ദര്യറാണിയായി കെസിയ തിരഞ്ഞെടുക്കപ്പെട്ടതോടെ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയത്. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളായ കെസിയ, നിയമ വിദ്യാർത്ഥി കൂടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.