മൂവാറ്റുപുഴ ജില്ല രൂപീകരിച്ചാല്‍ തൊടുപുഴ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം; എതിര്‍പ്പ് മുന്നണിയില്‍ ഉന്നയിക്കും

മൂവാറ്റുപുഴ ജില്ല രൂപീകരിച്ചാല്‍ തൊടുപുഴ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം; എതിര്‍പ്പ് മുന്നണിയില്‍ ഉന്നയിക്കും

കൊച്ചി: മൂവാറ്റുപുഴ ജില്ല രൂപീകരണത്തിനെതിരെ യുഡിഎഫ് യോഗത്തില്‍ ശക്തമായി പ്രതികരിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒരുങ്ങുന്നു. പുതിയ ജില്ല രൂപീകരിക്കുന്നത് ഇടുക്കിയുടെ ഭാവിയെ തന്നെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ മൂവാറ്റുപുഴ ജില്ല രൂപീകരിക്കാന്‍ നിലവില്‍ രാഷ്ട്രീയമായി അനുകൂല സാഹചര്യമാണെന്നാണ് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷ നല്‍കുന്നതാണെന്നും അടുത്തതായി രൂപീകരിക്കുന്ന ജില്ല മൂവാറ്റുപുഴയായിരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം പുതിയതല്ല. 1982 ല്‍ കെ. കരുണാകരന്‍ മുന്നോട്ടു വെച്ച ആശയമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സജീവമാകുന്നത്.

എന്നാല്‍ ജില്ല രൂപീകരണത്തിനുള്ള നീക്കം ശക്തമാകുമ്പോള്‍ യുഡിഎഫിനുള്ളില്‍ തന്നെയാണ് എതിര്‍പ്പുയരുന്നത്. പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ശക്തി കേന്ദ്രമായ തൊടുപുഴയെ പുതിയ ജില്ലയിലേക്ക് മാറ്റാനുള്ള സാധ്യതയാണ് പ്രതിഷേധത്തിന് പിന്നില്‍.

തൊടുപുഴ താലൂക്ക് ഇടുക്കിയില്‍ നിന്ന് മാറ്റി മൂവാറ്റുപുഴയോട് ചേര്‍ത്താല്‍ ജില്ലയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. ഭാഷാപരമായ പ്രത്യേകതകളുള്ള ഇടുക്കിയില്‍ നിന്ന് തൊടുപുഴ കൂടി മാറ്റിയാല്‍ ദേവികുളം, പീരുമേട് താലൂക്കുകളിലെ തമിഴ് ഭൂരിപക്ഷം ജില്ലയുടെ സ്വാധീന ഘടനയെ മാറ്റിമറിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മുല്ലപ്പെരിയാര്‍, മൂന്നാര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കേരളത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് ദുര്‍ബലമാകാനുള്ള സാഹചര്യം പോലും ഇതിലൂടെ ഉണ്ടാകുമെന്ന ആശങ്കയും കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. തൊടുപുഴ നഷ്ടപ്പെട്ടാല്‍ ഇടുക്കിയിലെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിന് തന്നെ വിള്ളല്‍ വീഴുമെന്ന ആശങ്കയും ജോസഫ് വിഭാഗത്തിനുണ്ട്.

അതുകൊണ്ടുതന്നെ വിഷയത്തില്‍ പരസ്യ പ്രതികരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് യുഡിഎഫ് വിശദമായ ചര്‍ച്ച നടത്തണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. കോട്ടയത്ത് നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ഈ ആവശ്യം മുന്നണിയില്‍ ഉന്നയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.