രജനീകാന്തും ചിരഞ്ജീവിയുമൊക്കെ സിനിമ പഠിച്ചിറങ്ങിയ ചെന്നൈയിലെ പ്രശസ്തമായ അടയാര്‍ ഫിലിം സ്‌കൂളില്‍ നിന്നുതന്നെയാണ് ശ്രീനിവാസനും സിനിമാ ജീവിതം ആരംഭിച്ചത്. പഠനകാലത്ത് തന്നെ തെന്നിന്ത്യയിലെ ഈ രണ്ട് സൂപ്പര്‍ താരങ്ങളുമായും ഊഷ്മളമായ സൗഹൃദം സ്ഥാപിക്കാന്‍ അദേഹത്തിന് കഴിഞ്ഞിരുന്നു.
സിനിമ പഠനം കഴിഞ്ഞ് ഇറങ്ങിയാല്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ തേടി വരുമെന്നൊരു മിഥ്യാധാരണ തനിക്കുണ്ടായിരുന്നുവെന്ന് ശ്രീനിവാസന്‍ മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ ചുവടുറപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അദേഹം വൈകാതെ തിരിച്ചറിയുകയായിരുന്നു. തന്റെയും രജനീകാന്തിന്റെയും മുഖഭാവങ്ങള്‍ വെച്ച് അടയാര്‍ ഫിലിം സ്‌കൂളില്‍ നിന്നിറങ്ങിയാല്‍ ആര് തങ്ങളെ തേടി വരുമെന്ന് സംശയിച്ചിരുന്നതായി ശ്രീനിവാസന്‍ പല അഭിമുഖങ്ങളിലും തമാശ രൂപേണ പറഞ്ഞിട്ടുണ്ട്.
1975 ല്‍ മണിമുഴക്കം എന്ന ചിത്രത്തിലൂടെ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അദേഹം അഭിനയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. 1980 ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമായ മുഴുനീള വേഷം കൈകാര്യം ചെയ്തത്.
അവസരങ്ങള്‍ തേടി സംവിധായകന്‍ പ്രിയദര്‍ശന്റെ അടുത്തെത്തിയതാണ് ശ്രീനിവാസന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായത്. അഭിനയമോഹവുമായി എത്തിയ ശ്രീനിവാസന് മുന്നില്‍ അഭിനയിക്കണമെങ്കില്‍ തിരക്കഥ എഴുതണം, ഇല്ലെങ്കില്‍ വേഷമില്ല എന്ന നിബന്ധനയാണ് പ്രിയദര്‍ശന്‍ വെച്ചത്. തിരക്കഥാ രചനയുടെ ബാലപാഠങ്ങള്‍ പോലുമറിയാതിരുന്ന ശ്രീനിവാസന്‍ ആ വെല്ലുവിളി ഏറ്റെടുത്ത് എഴുതിയ ആദ്യ ചിത്രമായിരുന്നു 'ഓടരുതമ്മാവാ ആളറിയാം'. 1984 ല്‍ റിലീസ് ചെയ്ത ഈ ചിത്രം വന്‍ വിജയമായിരുന്നു.
തുടര്‍ന്ന് 1985 ലും 86 ലുമായി അദേഹം രചിച്ച 14 സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. മോഹന്‍ലാലിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ഈ ചിത്രങ്ങളിലൂടെ പ്രിയദര്‍ശന്‍ എന്ന ഹിറ്റ് സംവിധായകനും മലയാള സിനിമയില്‍ വിലാസമുണ്ടാക്കി. പിന്നീട് സത്യന്‍ അന്തിക്കാടുമായി ചേര്‍ന്നുള്ള കൂട്ടുകെട്ടിലൂടെ 'ടി.പി. ബാലഗോപാലന്‍ എം.എ' എന്ന ചിത്രത്തിന് മോഹന്‍ലാലിന് ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1987 മുതല്‍ 93 വരെയുള്ള കാലയളവില്‍ ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ ഒരു ചിത്രം പോലും പരാജയപ്പെട്ടില്ല എന്നത് ചരിത്രമാണ്.
സ്വന്തം രൂപത്തെക്കുറിച്ചുള്ള അപകര്‍ഷതാ ബോധത്തില്‍ നിന്നാണ് 'വടക്കുനോക്കിയന്ത്രം' എന്ന ക്ലാസിക് സിനിമ ജന്മമെടുത്തത്. ഒറ്റ ദിവസം കൊണ്ടാണ് ആ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി സംവിധാന രംഗത്തേക്ക് കടന്നതെന്ന് അദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. നാടോടിക്കാറ്റ്, സന്ദേശം, അരം പ്ലസ് അരം കിന്നരം, മിഥുനം, വരവേല്‍പ്പ് തുടങ്ങി ഇന്നും മലയാളികള്‍ നെഞ്ചേറ്റുന്ന അനശ്വര ചലച്ചിത്രങ്ങള്‍ അദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നതാണ്. 'ആപ്പ് കൈസേ ഹോ' എന്ന ചിത്രത്തിലാണ് അദേഹം അവസാനമായി വേഷമിട്ടത്.
അനാരോഗ്യത്തിനിടയിലും പുതിയ സിനിമയുടെ രചനയെക്കുറിച്ച് അദേഹം ചിന്തിച്ചിരുന്നു. എന്നാല്‍ എഴുതുന്ന സമയത്ത് പുകവലിക്കുക എന്നത് അദേഹത്തിന്റെ ഒരു ദുശ്ശീലമായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് പുകവലി ഉപേക്ഷിക്കേണ്ടി വന്നതാണ് അദേഹത്തെ എഴുത്തില്‍ നിന്ന് വിലക്കിയതെന്ന് ഭാര്യ വിമല ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിനെക്കുറിച്ച് മലയാളികള്‍ ഏറെ സംസാരിക്കാറുണ്ടെങ്കിലും മമ്മൂട്ടിയുമായി അദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം പലര്‍ക്കും അജ്ഞാതമായിരുന്നു. 'കഥ പറയുമ്പോള്‍' എന്ന ചിത്രം സംഭവിക്കാന്‍ കാരണം മമ്മൂട്ടിയുമായുള്ള ആ സൗഹൃദമായിരുന്നു എന്ന് സംവിധായകന്‍ എം. മോഹനന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീനിവാസന്റെ വിവാഹത്തിന് സാമ്പത്തികമായി സഹായിച്ചതും മമ്മൂട്ടിയായിരുന്നുവെന്നും അദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.
മാത്രല്ല മലയാളികള്‍ നിത്യജീവിതത്തില്‍ ഇന്നും ഉപയോഗിക്കുന്ന പല ഹാസ്യ പ്രയോഗങ്ങളും ശ്രീനിവാസന്റെ സംഭാവനയാണ്. 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്', 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' തുടങ്ങിയ സംഭാഷണങ്ങള്‍ ചിത്രീകരണ വേളയില്‍ തത്സമയം എഴുതിയവയാണ്. ലൊക്കേഷനിലെ ജനറേറ്ററിന്റെ പുകയടിച്ചാല്‍ മാത്രമേ ശ്രീനിവാസന് തിരക്കഥ എഴുതാന്‍ സാധിക്കൂ എന്ന് പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും പലപ്പോഴും തമാശയായി പറഞ്ഞിട്ടുണ്ട്.
പലപ്പോഴും സ്വന്തം പേര് വെക്കാതെയും അദേഹം സിനിമകള്‍ എഴുതിയിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ചന്ദ്രലേഖ'യുടെ തിരക്കഥ ശ്രീനിവാസന്റേതാണെന്ന വിവരം ലോക്ഡൗണ്‍ കാലത്താണ് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. രാഷ്ട്രീയ കാര്യങ്ങളിലും തന്റേതായ നിലപാടുകള്‍ അദേഹം പുലര്‍ത്തിയിരുന്നു. ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുമ്പോഴും സ്വന്തം പാര്‍ട്ടിക്കെതിരെ പോലും വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ അദേഹം യാതൊരു മടിയും കാണിച്ചിരുന്നില്ല.
'സന്ദേശം' എന്ന ആക്ഷേപഹാസ്യ ചിത്രം ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ സിനിമയായാണ് കണക്കാക്കുന്നത്. പത്മരാജന്‍ കഴിഞ്ഞാല്‍ മലയാളം കണ്ട ഏറ്റവും മികച്ച എഴുത്തുകാരന്‍ ശ്രീനിവാസനാണെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.