പ്രകൃതിയുടെ വികൃതികള്‍; കൗതുകമായി മള്‍ബറി മരത്തിലെ 'വെള്ളച്ചാട്ടം'

പ്രകൃതിയുടെ വികൃതികള്‍; കൗതുകമായി മള്‍ബറി മരത്തിലെ 'വെള്ളച്ചാട്ടം'

പ്രകൃതി ഒളിപ്പിച്ച് വയ്ക്കുന്ന നിഗൂഢതകള്‍ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ദൃശ്യമാകുന്നത്. അത്തരത്തില്‍ മനോഹരമായ പ്രകൃതി ദൃശ്യമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചാ വിഷയം. തെക്കന്‍ യൂറോപ്പിലെ 100 വര്‍ഷം പഴക്കമുള്ള മള്‍ബെറി മരത്തില്‍ നിന്ന് വെള്ളം കുത്തിയൊഴുകുന്ന ദൃശ്യം ആളുകളില്‍ വിസ്മയം ഉണര്‍ത്തുകയാണ്. വര്‍ഷം മുഴുവനും ഈ അത്ഭുതക്കാഴ്ച്ച നമുക്ക് കാണാന്‍ സാധിക്കില്ലെങ്കിലും ഒരു പ്രത്യേക സീസണില്‍ ഇത് ദൃശ്യമാകും.

ശൈത്യകാലത്തിന്റെ അവസാനത്തിലോ കനത്ത മഴക്കാലത്തോ മാത്രമാണ് മരത്തിന്റെ പൊത്തില്‍ നിന്ന് വെള്ളം പുറത്തേയ്ക്ക് കുത്തിയൊഴുകുന്നത്. ഒരു വെള്ളച്ചാട്ടം പോലെ തോന്നിക്കുന്ന ഈ മനോഹര ദൃശ്യം യൂറോപ്പിലെ മോണ്ടിനെഗ്രോവിലെ ദിനോസ ഗ്രാമത്തിലാണ് ഉള്ളത്. തറയില്‍ നിന്ന് ഏകദേശം 1.5 മീറ്റര്‍ ഉയരത്തിലുള്ള പൊത്തില്‍ നിന്നാണ് വെള്ളം ഒഴുകുന്നത്. ഈ സംഭവം ദൈവത്തിന്റെയോ പ്രകൃതിയുടെയോ വരമായിട്ടാണ് നാട്ടുകാര്‍ കണക്കാക്കുന്നത്.



20 വര്‍ഷം മുമ്പാണ് ആദ്യമായി ഈ മരത്തില്‍ നിന്ന് വെള്ളം പുറത്തേക്ക് കുത്തിയൊഴുകാന്‍ തുടങ്ങിയത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഒരു പ്രത്യേക സീസണില്‍ ഇത് സംഭവിക്കുന്നു. ഈ പ്രതിഭാസം രണ്ടോ നാലോ ദിവസം മാത്രമേ നിലനില്‍ക്കൂ എന്നതും ഇതിനെ കൂടുതല്‍ കൗതുകകരമാക്കുന്നു. മരത്തില്‍ നിന്ന് വെള്ളമൊഴുകുന്നത് കാണാന്‍ വിദൂര ദിക്കുകളില്‍ നിന്നുള്ളവരും വിനോദസഞ്ചാരികളും മാധ്യമങ്ങളും എല്ലാ വര്‍ഷവും ഇവിടെ എത്താറുണ്ട്.

ഇലകളില്ലാത്ത മരത്തിന്റെ തടിയില്‍ നിന്നാണ് ഒരു അരുവി പോലെ വെള്ളം ഒഴുകുന്നത്. ഈ മനോഹരമായ കാഴ്ചയുടെ വീഡിയോകളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു- ''ദിനോസയില്‍ നിന്നുള്ള മള്‍ബറി വീണ്ടും ഒരു അരുവിയായി മാറുന്നു...''


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.