'ഗാസയിലേക്ക് പാക് സൈന്യത്തെ അയക്കണം': ട്രംപിന്റെ സമ്മര്‍ദ്ദത്തിനെതിരെ മതവാദികള്‍; വെട്ടിലായി അസീം മുനീര്‍

'ഗാസയിലേക്ക് പാക് സൈന്യത്തെ അയക്കണം': ട്രംപിന്റെ സമ്മര്‍ദ്ദത്തിനെതിരെ മതവാദികള്‍; വെട്ടിലായി  അസീം മുനീര്‍

ഇസ്ലമാബാദ്: ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യത്തെ ചൊല്ലി പാകിസ്ഥാനില്‍ സംഘര്‍ഷം മുറുകുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗാസയിലേക്ക് സൈനികരെ അയക്കാന്‍ പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറിനെ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ രാജ്യത്തെ മതവാദികള്‍ ഇതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ്. ഇതോടെ പ്രതിസന്ധിയിലായ സൈനിക മേധാവി അടുത്ത ആഴ്ച തന്നെ ട്രംപിനെ കാണാന്‍ അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.

യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ പുനര്‍നിര്‍മാണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മേല്‍നോട്ടം വഹിക്കാന്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സേനയെ നിയോഗിക്കണമെന്ന് ട്രംപിന്റെ 20 ഇന ഗാസ സമാധാന പദ്ധതിയില്‍ വ്യക്തമാക്കുന്നുണ്ട്.

ട്രംപിന്റെയും മുനീറിന്റെയും അടുപ്പം പാക് സൈനികരെ ഘട്ടംഘട്ടമായി ഗാസയില്‍ എത്തിക്കാനാണ് സാധ്യത. ഗാസയിലേക്ക് സൈനികരെ അയച്ചാല്‍ അമേരിക്കയുടെ ഭാഗത്തു നിന്ന് പാകിസ്ഥാന് വളരെ വലിയ സാമ്പത്തിക സഹായം ലഭ്യമാകും. പല ഘട്ടങ്ങളില്‍ ഇന്ത്യയുമായി നടത്തിയ യുദ്ധം ആണവായുധങ്ങളുള്ള ഏക മുസ്ലീം രാജ്യമായ പാകിസ്ഥാന്‍ സൈനികരെ യുദ്ധ തന്ത്രങ്ങളില്‍ പരിയച സമ്പന്നരാക്കിയെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

ഇതുകൂടാതെ വര്‍ഷങ്ങളായി ബലൂചിസ്ഥാനില്‍ നിന്നുള്ള വിമതരുടെ അട്ടിമറി ശ്രമങ്ങളോടും പാക് സൈന്യം പൊരുതുന്നുണ്ട്. മാത്രമല്ല, അടുത്ത കാലത്തായി താലിബാനുമായി അപ്രഖ്യാപിത യുദ്ധം നടക്കുന്നതും പാകിസ്ഥാന്‍ സൈനികരെ സാങ്കേതികമായി മുന്നിലെത്തിച്ചിട്ടുണ്ടെന്ന് അമേരിക്ക കണക്കുകൂട്ടുന്നു.

ഗാസയില്‍ സമാധാന സംരക്ഷണത്തിനായി സൈന്യത്തെ അയക്കുന്നത് പരിഗണിച്ചേക്കാമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാല്‍, ഹമാസിനെ നിരായുധരാക്കുക എന്നത് 'നമ്മുടെ ജോലിയല്ല' എന്നും അദേഹം പറഞ്ഞു.

ഏതാനും ആഴ്ചകളായി ഇന്ത്യോനേഷ്യ, മലേഷ്യ, സൗദി അറേബ്യ, തുര്‍ക്കി, ജോര്‍ദാന്‍, ഈജിപ്റ്റ്, അസര്‍ബൈജാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈനിക, രാഷ്ട്രീയ നേതാക്കളുമായി അസീം മുനീര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത് ഗാസ സേനയെക്കുറിച്ചുള്ള കൂടിയാലോചനകള്‍ ആണെന്നാണു വിലയിരുത്തല്‍. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്റീകെ ഇന്‍സാഫ് പാര്‍ട്ടി ഗാസയിലേക്ക് സൈന്യത്തെ അയക്കുന്നത് അനുകൂലിക്കുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.