പ്രതികളുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തില്‍ സംശയം. ഓസ്‌ട്രേലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിഡ്നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ വെടിപ്പ് നടത്തിയ സാജിദ് അക്രം (50) ഹൈദരാബാദ് സ്വദേശിയെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ്. ഇയാള്‍ പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയാണെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്.
1998 ല്‍ സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ സാജിദ്, യൂറോപ്യന്‍ വംശജയെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കി. ഇയാള്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചെന്നും കണ്ടെത്തി. മകന്‍ നവീദ് അക്രവും (24) ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച സാജിദും നവീദും ചേര്‍ന്ന് നടത്തിയ വെടിവയ്പില്‍ 16 പേരാണ് കൊല്ലപ്പെട്ടത്.
യഹൂദരുടെ ആഘോഷമായ ഹനൂക്കോയുടെ ഭാഗമായി ബീച്ചില്‍ ഒത്തുകൂടിയവരെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു കുറ്റകൃത്യം. സാജിദിനെ പൊലീസ് വെടിവച്ചു കൊന്നു. വെടിയേറ്റ നവീദ് അക്രം ആശുപത്രിയില്‍ ചികിത്സയിലാണ്. ഓസ്‌ട്രേലിയയില്‍ ജനിച്ചതിനാല്‍ നവീദിന് അവിടുത്തെ പൗരത്വം ലഭിച്ചിരുന്നു.
എന്നാല്‍ സാജിദ് അക്രം ജനിച്ചത് ഇന്ത്യയിലാണെങ്കിലും നാടുമായി കാര്യമായ ബന്ധമില്ലെന്ന് തെലങ്കാന പൊലീസ് പറഞ്ഞു. പിതാവ് മരിച്ചപ്പോള്‍ പോലും എത്തിയില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സാജിദിന് ഹൈദരാബാദിലെ തന്റെ കുടുംബവുമായി വളരെ പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശേഷം ആറ് തവണ മാത്രമാണ് സാജിദ് ഇന്ത്യ സന്ദര്‍ശിച്ചതെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
1998 ല്‍ ബി.കോം. പൂര്‍ത്തിയാക്കിയ ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറി. അയാള്‍ക്ക് ഇപ്പോഴും ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി ഹൈദരാബാദിലെ ബന്ധുക്കളുമായി സാജിദിന് വളരെ കുറഞ്ഞ ബന്ധമാണുള്ളത്. പിതാവ് മരിച്ചപ്പോള്‍ പോലും അദേഹം നാട്ടില്‍ എത്തിയില്ലെന്നാണ് മനസിലാക്കുന്നതെന്നും പൊലീസ് പറഞ്ഞു.
അതിനിടെ പ്രതികളുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനം സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യാത്രയുടെ ഉദ്ദേശ്യം വ്യക്തമല്ല. നവംബര്‍ ഒന്നു മുതല്‍ 28 വരെ മനില, ഡവാവോ തുടങ്ങിയ നഗരങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു.
പ്രതികള്‍ ഭീകര ഗ്രൂപ്പുകളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നോ, ഫിലിപ്പീന്‍സില്‍ ഏതെങ്കിലും പരിശീലനം ലഭിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം. നിലവില്‍ ഇവ സാധൂകരിക്കുന്ന തെളിവുകള്‍ ലഭ്യമല്ല. ഒരു ഭീകര ഗ്രൂപ്പിന് വേണ്ടി അല്ല ഇവര്‍ ആക്രമണം നടത്തിയതെന്നും, മറിച്ച് ഐ.എസ് പ്രത്യയശാസ്ത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് സ്വമേധയാ കുറ്റകൃത്യം നടപ്പാക്കിയതാണ് എന്നുമാണ് പ്രാഥമിക നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.