തിരുവനന്തപുരം: ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ച സില്‍വര്‍ലൈനിന് പകരമായി റാപ്പിഡ് റെയില്‍ മാതൃകയില്‍ അതിവേഗ ട്രെയിന്‍ കൊണ്ടുവരാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍.
ഡല്‍ഹിയിലെ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് (ആര്‍.ആര്‍.ടി.എസ്) സമാനമായി 250 കിലോ മീറ്റര്‍ വരെ വേഗത്തിലോടുന്ന മെട്രോയാണ് പരിഗണനയില്‍. പദ്ധതിക്ക് ഡി.പി.ആര്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും അവിടെ നിന്ന് കാസര്‍കോട്ട് വരെയും രണ്ട് ഘട്ടമായി നിര്‍മിക്കാമെന്നാണ് കണക്കുകൂട്ടല്‍.
'വികസിത കേരളം' മുദ്രാവാക്യമുയര്‍ത്തി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ലഭിച്ച സ്വീകാര്യതകൂടി കണക്കിലെടുത്താണ് അതിവേഗ റെയില്‍ പദ്ധതി ഊര്‍ജിതമാക്കുന്നത്. വന്ദേ ഭാരത് വന്നതോടെ അതിവേഗ യാത്രയ്ക്ക് പ്രിയമേറിയിട്ടുണ്ട്.
കേരളം അപേക്ഷിച്ചാല്‍ റാപ്പിഡ് റെയില്‍വേ സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അടുത്തിടെ അറിയിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കൊച്ചി മെട്രോ റെയില്‍ പോലൊരു കമ്പനിയുണ്ടാക്കിയാല്‍ പദ്ധതി നടപ്പാക്കാനായേക്കും.
പദ്ധതിക്ക് അനുമതി നല്‍കേണ്ടത് നഗരവികസന മന്ത്രാലയമാണെങ്കിലും റെയില്‍വേയുടെ സാങ്കേതികാനുമതിയടക്കം ആവശ്യമാണ്. ഭൂമിയേറ്റെടുക്കാന്‍ എതിര്‍പ്പുള്ളയിടങ്ങളിലും വെള്ളക്കെട്ടുകള്‍ ഉള്ള സ്ഥലങ്ങളിലും എലിവേറ്റഡ് പാതയാക്കി മെട്രോ റെയിലുണ്ടാക്കാനാണ് ശ്രമം.
സില്‍വര്‍ലൈനിന്റെ പദ്ധതിരേഖ പരിഷ്‌കരിച്ച് കേന്ദ്രത്തിന് നല്‍കാനാണ് നീക്കം. ഡല്‍ഹിയില്‍ ദേശീയ പാതയ്ക്ക് മുകളിലൂടെ റാപ്പിഡുണ്ടെങ്കിലും വളവുകളുള്ളതിനാല്‍ കേരളത്തിലെ ദേശീയപാതയില്‍ ഇത് സാധ്യമാവില്ല.
ഡല്‍ഹിയെ സമീപ നഗരങ്ങളായ മീററ്റ്(യു.പി), ആല്‍വാര്‍(രാജസ്ഥാന്‍), ജലന്ധര്‍(പഞ്ചാബ്) എന്നിവയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികളാണ് നിലവിലുള്ളത്. മീററ്റിലേക്കുള്ള പാത പൂര്‍ത്തിയായി. മറ്റുള്ളവയുടെ നിര്‍മാണം ഉടന്‍ തുടങ്ങും.
അതേസമയം ഡല്‍ഹിക്ക് പുറത്തേക്ക് റാപ്പിഡ് അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നത് പ്രതികൂല ഘടകമാണ്. അതുകൊണ്ടാണ് അതിന്റെ മാതൃക മാത്രം പരിഗണിക്കുന്നത്.
കേരളം പദ്ധതിരേഖ നല്‍കിയാല്‍ കേന്ദ്രം സഹകരിക്കുമെന്നും വികസന കാര്യങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുംമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് ഒരുങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.