വാഷിങ്ടന്‍: സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പാലസ്തീന്‍ അതോറിറ്റിയുടെ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസിന് ഭീഷണിയായ വിദേശികളെ നിരോധിക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വിദേശികള്‍ യു.എസിന്റെ സംസ്‌കാരം, സര്‍ക്കാര്‍, സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സ്ഥാപക തത്വങ്ങള്‍ എന്നിവയെ ദുര്‍ബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. സിറിയയില്‍ രണ്ട് യു.എസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.
ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, സിയറ ലിയോണ്‍, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും തെക്കുകിഴക്കന്‍ ഏഷ്യയിലെ ലാവോസില്‍ നിന്നുള്ളവര്‍ക്കുമാണ് സിറിയയെ കൂടാതെ പ്രവേശന വിലക്ക് പുതുതായി ഏര്‍പ്പെടുത്തിയത്. നൈജീരിയ, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ട്രംപ് ഭാഗിക യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
സൊമാലിയക്കാരുടെ യുഎസ് പ്രവേശനം ട്രംപ് ഇതിനോടകം നിരോധിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, മ്യാന്‍മര്‍, സുഡാന്‍, യമന്‍ എന്നിവയാണ് യു.എസില്‍ പൂര്‍ണ യാത്രാ നിരോധനം നേരിടുന്ന മറ്റ് രാജ്യങ്ങള്‍. അംഗോള, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ബെനിന്‍, ഡൊമിനിക്ക, ഗാബണ്‍, ഗാംബിയ, ഐവറി കോസ്റ്റ്, മലാവി, മൗറിറ്റാനിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാവെ എന്നീ രാജ്യങ്ങള്‍ക്ക് ഭാഗിക നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പൂര്‍ണ വിലക്ക് നേരിടുന്ന പുതിയ രാജ്യങ്ങള്‍
ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഉത്തരവ് പ്രകാരം, താഴെ പറയുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂര്‍ണമായി തടയും:
* ബുര്‍ക്കിന ഫാസോ
* മാലി
* നൈജര്‍
* ദക്ഷിണ സുഡാന്‍
* സിറിയ
കൂടാതെ പാലസ്തീന്‍ അതോറിറ്റി നല്‍കുന്ന യാത്രാ രേഖകള്‍ കൈവശമുള്ള വ്യക്തികള്‍ക്കും അമേരിക്കയിലേക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. നിലവിലെ സംഘര്‍ഷ സാഹചര്യവും വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യവും കാരണം ഈ യാത്രക്കാരെ വിശ്വസനീയമായി പരിശോധിക്കാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു.
നേരത്തെ ഭാഗിക നിയന്ത്രണത്തിലായിരുന്ന ലാവോസ്, സിയറ ലിയോണ്‍ എന്നി രാജ്യങ്ങളെയും പുതിയ ഉത്തരവില്‍ പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയവരുടെ പട്ടികയിലേക്ക് മാറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.