വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവ സാന്നിധ്യം; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവ സാന്നിധ്യം; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയില്‍ കടുവ സാന്നിധ്യം ഉള്ളതിനാല്‍ അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അവധി ബാധകമാണ്.

കടുവ സാന്നിധ്യമുള്ള പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒന്‍പത്, 14, 15 വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകം.

അതേസമയം പച്ചിലക്കാട് പടിക്കംവയല്‍ ജനവാസ കേന്ദ്രത്തില്‍ തിങ്കളാഴ്ച എത്തിയ കടുവയെ ആവശ്യമെങ്കില്‍ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിട്ടു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണനാണ് ഉത്തരവിട്ടത്. കടുവ സ്വാഭാവികമായി വനത്തിലേക്ക് തിരിച്ചുകയറാതെ ജന ജീവിതത്തിന് ഭീഷണിയായി അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ വെടിവയ്ക്കാന്‍ ഉത്തരവില്‍ അനുമതിയുള്ളൂ.

തിങ്കള്‍ രാത്രി വയലിലൂടെ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാണ് കടുവ പുളിക്കലില്‍ എത്തിയത്. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തില്‍ ഡാറ്റ ബേസിലുള്ള 'ഡബ്ല്യുഡബ്ല്യുഎല്‍ 112' കടുവയാണിതെന്ന് വനപാലകര്‍ തിരിച്ചറിഞ്ഞു. പാതിരി വന മേഖലയുടെ ഭാഗമായ നീര്‍വാരം വനത്തില്‍ നിന്നുമെത്തിയ കടുവ തിരിച്ച് കാടുകയറുമെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതുവരെ ആളുകളെയോ വളര്‍ത്ത് മൃഗങ്ങളെയോ ആക്രമിച്ചിട്ടില്ലാത്ത കടുവയാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടുവ നിലയുറപ്പിച്ച പ്രദേശത്തിന് ചുറ്റും നൂറിലധികം ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ച് നീര്‍വാരം വനത്തിലേക്കുള്ള വഴി മാത്രം തുറന്നിട്ട് ജനവാസ മേഖലയെ സുരക്ഷിതമാക്കിയുള്ള ദൗത്യമാണ് രണ്ടാം ദിനം നടത്തിയത്. അടിയന്തര ഘട്ടം ഉണ്ടായാല്‍ മയക്കുവെടി വയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഡോ. അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടര്‍മാരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വ രാവിലെ മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കി ആനകളെയും സ്ഥലത്ത് എത്തിച്ചിരുന്നു. പുളിക്കലില്‍ കടുവയ്ക്കായി കൂടും സ്ഥാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.