ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം; ലോക്സഭയില്‍ ബില്ല് പാസാക്കി

ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം; ലോക്സഭയില്‍ ബില്ല് പാസാക്കി

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്ന ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ 2025 ലോക്സഭ പാസാക്കി. ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 74 ശതമാനമാണ് പരിധി.

ഭേദഗതി ബില്‍ യാഥാര്‍ഥ്യമായാല്‍ മൂലധന ഒഴുക്ക് വര്‍ധിക്കുമെന്നും ഇന്‍ഷുറന്‍സ് വ്യാപനം മെച്ചപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ ബിസിനസ് എളുപ്പമാക്കാനും ഇന്‍ഷുറന്‍സ് കമ്പനികളും ഇന്‍ഷുറന്‍സ് ഇടനിലക്കാരും നിയമ വിരുദ്ധമായി നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് തടയാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററെ അധികാരപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ഒപ്പം ഇന്‍ഷുറന്‍സ് വിപണിയില്‍ മത്സരം വര്‍ധിപ്പിക്കുക, അതുവഴി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന പ്രീമിയം നിരക്കില്‍ വിശാലമായ ഉല്‍പ്പന്നങ്ങള്‍ ആക്‌സസ് ചെയ്യാന്‍ പ്രാപ്തമാക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ പറഞ്ഞു.

നേരത്തെ 74 ശതമാനം എന്ന എഫ്ഡിഐ പരിധി ഉണ്ടായിരുന്നിട്ടും നിലവില്‍ നാല് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമേ ആ തലത്തില്‍ വിദേശ നിക്ഷേപം ഉള്ളൂ എന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. 40 ഇന്‍ഷുറന്‍സ് കമ്പനികളില്‍ 10 എണ്ണത്തില്‍ 26 ശതമാനത്തില്‍ താഴെ മാത്രമാണ് വിദേശ നിക്ഷേപമുള്ളത്. ആഭ്യന്തര, വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇടനിലക്കാര്‍ക്കും ഫീല്‍ഡില്‍ തുല്യത സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ബില്ലില്‍ റെഗുലേറ്ററുടെ എന്‍ഫോഴ്‌സ്‌മെന്റ് അധികാരങ്ങളെയും ശക്തിപ്പെടുത്തുന്നതായും ധനമന്ത്രി പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനികള്‍ തെറ്റായ ലാഭം നേടുമ്പോള്‍, ആ നേട്ടങ്ങള്‍ റെഗുലേറ്റര്‍ക്ക് റദ്ദാക്കാനും ബില്‍ അധികാരം നല്‍കുന്നതായും അവര്‍ വ്യക്തമാക്കി.

നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ യുക്തി സഹമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ബില്‍. നേരത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമേ പിഴ ചുമത്താന്‍ കഴിയുമായിരുന്നുള്ളൂ. പരമാവധി പിഴ ഒരു കോടി രൂപ ആയിരുന്നു. നിര്‍ദ്ദിഷ്ട മാറ്റം പ്രകാരം പിഴ 10 കോടിയായി ഉയര്‍ത്തി. കൂടാതെ ലംഘനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഇടനിലക്കാര്‍ക്കും പിഴ ചുമത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.