തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹിറ്റായ 'പോറ്റിയേ കേറ്റിയേ...' എന്ന പാരഡി ഗാനത്തിനെതിരെ അന്വേഷണം. തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതിനായി സൈബര്‍ ഓപ്പറേഷന്‍ വിങിനെ നിയോഗിച്ചു.
അയ്യപ്പഭക്തി ഗാനത്തെ രൂപംമാറ്റി ശരണം വിളിച്ചുള്ള ''പോറ്റിയെ കേറ്റിയെ......'' എന്ന പാരഡി ഗാനമാക്കിയതിനെതിരെയാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപിക്ക് പരാതി നല്‍കിയത്. പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനാണ് തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി എച്ച് വെങ്കിടേഷിന് പൊലീസ് മേധാവി പരാതി കൈമാറി. കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിങിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എച്ച്. വെങ്കിടേഷ് ആവശ്യപ്പെട്ടു.
പാട്ടില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടോ? അത്തരത്തിലുള്ള ഭാഗം ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് ഏത് വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പറ്റും തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
പാട്ട് തയ്യാറാക്കിയവര്‍ക്കെതിരേയും പാട്ട് ഉപയോഗിച്ചവര്‍ക്കെതിരേയും നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. യുഡിഎഫും ബിജെപിയും ഒരുപോലെ ഈ പാട്ട് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.