"ഞാൻ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാൽ, അങ്ങ് എന്നെ വിസ്മയനീയമായ് സൃഷ്ട്ടിച്ചു; അവിടുത്തെ സൃഷ്ട്ടികൾ അത്ഭുതകരമാണ്." സങ്കീർത്തങ്ങൾ 139: 14
ഒരിടത്തൊരിടത്ത് ഒരു വെള്ളം ചുമട്ടുകാരൻ ഉണ്ടായിരുന്നു. തന്റെ തോളിലെ കമ്പിൽ രണ്ടറ്റത്തുമായ് കെട്ടിയ രണ്ട് കലങ്ങളിൽ അദ്ദേഹം വീടുകളിൽ വെള്ളം എത്തിച്ചു. അദ്ദേഹത്തിന്റെ ഒരു കലത്തിന്ന് ഒരു ചെറിയ വിള്ളൽ ഉണ്ടായിരുന്നു. എന്നും വെള്ളം കൊണ്ടുവരുമ്പോൾ വിള്ളലുള്ള കലത്തിൽനിന്ന് വെള്ളം തുള്ളികളായി പുറത്തേക്ക് ഒഴുകി. വീടുകളിൽ എത്തുമ്പോൾ മിക്കവാറും കുറച്ചു ജലം നഷ്ട്ടപ്പെട്ടിട്ടുണ്ടാകും. വെള്ളം ചുമട്ടുകാരൻ ഇത് കാര്യമായ് എടുത്തില്ല.
വളരെ നാളുകൾ അദ്ദേഹം തന്റെ പ്രവൃത്തി തുടർന്നു. നല്ല കലം തന്റെ പൂർണ്ണതയിൽ അഹങ്കരിച്ചു. എന്നാൽ എന്നും താൻ നഷ്ടപ്പെടുത്തുന്ന ജലത്തെ ഓർത്തു വിള്ളലുള്ള കലം വിഷമിച്ചു. തന്നെക്കുറിച്ചോർത്ത് കലത്തിനു ദുഃഖമായി. കലം, വെള്ളം ചുമട്ടുകാരനോട് പറഞ്ഞു. "ഞാൻ കാരണം നിങ്ങൾക്ക് എന്നും നഷ്ടമല്ലേ, പകുതി ജലമല്ലേ വീട്ടുകാർക്ക് കൊടുക്കാൻ ആകുന്നുള്ളൂ. എനിക്ക് എന്നോടുതന്നെ അവജ്ഞ തോന്നുന്നു."
വെള്ളം ചുമട്ടുകാരൻ കലത്തിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “നീ എന്തിന്ന് നിരാശപ്പെടുന്നു? നമ്മൾ എന്നും നടക്കുന്ന വഴിയിലേക്ക് നോക്കൂ. നീ സഞ്ചരിക്കുന്ന വശത്തു മാത്രം പുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്നത് കണ്ടോ. നിന്നിൽ കുറവ് ഉള്ളതിനാലാണ് നിനക്ക് ഈ പുഷ്പങ്ങൾ വിരിയിക്കാനായത്. നീയും മറ്റേ കലത്തെപ്പോലെ പൂർണ്ണനായിരുന്നെങ്കിൽ നിന്റെ വഴികൾ വിരസമായിരുന്നേനെ. നിന്റെ അപൂർണ്ണതയിൽ നിന്ന് ദേവാലയത്തിലേക്ക് വേണ്ടുന്ന പുഷ്‌പങ്ങൾ നീ വിരിയിക്കുന്നുണ്ടായിരുന്നു. നീ എങ്ങനെ ആണോ അതുപോലെ ആയതിനാലാണ് നിനക്ക് നിന്റെ വഴികൾ സുന്ദരമാക്കാൻ ആയത്. ആയതിനാൽ നിന്റെ കുറവുകളിലും നൻമ ഉണ്ട് എന്ന് മനസിലാക്കി ജീവിക്കുക. നമ്മളാരും പൂർണ്ണരല്ല. എല്ലാവരിലും കുറവുകളുണ്ട്. നമ്മുടെ കുറവുകളെക്കുറിച്ച് നിരാശപ്പെടാതെ നമ്മുടെ അപൂർണ്ണതയിലും നമ്മുക്ക് നമ്മളാൽ ആകുംവിധം നമ്മുടേയും നമ്മുടെ ചുറ്റുമുള്ള ലോകവും സുന്ദരമാക്കാം. ഇതിന് തന്റെ പോരായ്മയിലും ജീവിതത്തോട് ഒരു പോസിറ്റീവ് സമീപനം മതി.
കർത്താവിൽ പൂർണ്ണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക. സ്വന്തം ബുദ്ധിയെ ആശ്രയിക്കരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴിതെളിച്ചുതരും. സുഭാഷിതങ്ങൾ 3: 5 -6
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.