വാഷിങ്ടണെ ധിക്കരിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും'; വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റിന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണെ ധിക്കരിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും'; വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റിന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: വാഷിങ്ടണെ ധിക്കരിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.

സൈനിക നടപടിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെയാണ് പുതിയ ഭരണാധികാരിക്ക് ട്രംപിന്റെ ഭീഷണി.

'അവര്‍ ശരിയായ കാര്യം ചെയ്തില്ലെങ്കില്‍, അവര്‍ക്ക് വളരെ വലിയ വില നല്‍കേണ്ടി വരും, ഒരുപക്ഷേ മഡുറോയെക്കാള്‍ വലിയ വില'- ഞായറാഴ്ച ഒരു മാഗസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. മഡുറോയുടെ അറസ്റ്റിലേക്ക് നയിച്ച അമേരിക്കന്‍ ഇടപെടലിനെ റോഡ്രിഗസ് നിരസിക്കുന്നത് താന്‍ സഹിക്കില്ലെന്ന് ട്രംപ് പറഞ്ഞതായി അറ്റ്ലാന്റിക് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയ്ക്ക് 'പൂര്‍ണമായ പ്രവേശനം' റോഡ്രിഗസ് നല്‍കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവേശനം ആവശ്യമാണ്. അവരുടെ രാജ്യത്തെ എണ്ണയിലേക്കും മറ്റ് കാര്യങ്ങളിലേക്കും ഞങ്ങള്‍ക്ക് പ്രവേശനം വേണം. അത് അവരുടെ രാജ്യത്തെ പുനര്‍നിര്‍മിക്കാന്‍ ഞങ്ങളെ സഹായിക്കും' - ട്രംപ് അവകാശപ്പെട്ടു.

വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ തടവിലായതോടെയാണ് രാജ്യത്തിന്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് (56) ഏറ്റെടുത്തത്. പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന് പറയുന്ന ഭരണഘടനയുടെ 233, 234 അനുച്ഛേദങ്ങള്‍ പ്രകാരം സുപ്രീം കോടതിയാണ് അവര്‍ക്ക് അധികാരം കൈമാറിയത്.

യു.എസ് ഇടപെടല്‍ നേരിടുന്ന അവസാന രാജ്യം വെനസ്വേല ആയിരിക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചു. തീര്‍ച്ചയായും ഗ്രീന്‍ലാന്‍ഡ് തങ്ങള്‍ക്ക് ആവശ്യമാണ്. ഡെന്‍മാര്‍ക്കിന്റെ ഭാഗവും നാറ്റോ സഖ്യകക്ഷിയുമായ ഈ ദ്വീപിനെ റഷ്യന്‍, ചൈനീസ് കപ്പലുകള്‍ വളഞ്ഞിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ പ്രസ്താവനകളെ റോഡ്രിഗസ് ഉടന്‍ തള്ളിക്കളഞ്ഞു. നമ്മള്‍ ഒരിക്കലും ഒരു കോളനി ആകില്ല. വെനസ്വേല, അതിന്റെ സ്വാഭാവിക വിഭവങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാണെന്നും രാജ്യത്തിന്റെ പ്രതിരോധ നേതൃത്വം മഡുറോയുടെ നയങ്ങളില്‍ പ്രതിജ്ഞാബദ്ധമാണ് എന്നും അവര്‍ അവകാശപ്പെട്ടു.

ലിഗ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും ഗറില്ലാ പോരാളിയുമായ ജോര്‍ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ് ഡെല്‍സി റോഡ്രിഗസ്. ധനകാര്യം, എണ്ണ എന്നീ വകുപ്പുകളുടെ മന്ത്രികൂടിയായ അവര്‍ 2018ലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

2014-17 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. മഡുറോ സര്‍ക്കാരിനെതിരായ നീക്കങ്ങളെ ശക്തമായി നേരിട്ടിരുന്ന അവരെ മഡുറോയുടെ 'കടുവ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വെനസ്വേലയുടെ എണ്ണ വ്യവസായത്തിനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ കൈകാര്യം ചെയ്തതിലൂടെയും അവര്‍ ശ്രദ്ധ നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.