ന്യൂഡല്‍ഹി: വായു മലിനീകരണം 'സിവിയര്‍ പ്ലസ്' വിഭാഗത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം. നിര്‍ദേശം ലംഘിക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും മോശം വായുനില ഡിസംബര്‍ 15 ന് രാവിലെ 498 എക്യുഐ 'സിവിയര്‍ പ്ലസ്' വിഭാഗത്തില്‍ രേഖപ്പെടുത്തി. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) ഡേറ്റ അനുസരിച്ച് തൊട്ടു മുന്‍പുള്ള ദിവസത്തെ തുടര്‍ച്ചയായാണ് എക്യുഐയിലെ ഈ വര്‍ധന.
പ്രതിസന്ധി പരിഹരിക്കാന്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ ജി.ആര്‍എ.പി 4 ത്വരിതഗതിയില്‍ നടപ്പാക്കി. കര്‍ശനമായ മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് ജി.ആര്‍എ.പി 4.
ജി.ആര്‍എ.പി 4 ല്‍ നോയിഡ, ഗുര്‍ഗോണ്‍, ഫരീദാബാദ് എന്നിവ ഉള്‍പ്പെടെ നാഷണല്‍ കാപ്പിറ്റല്‍ റീജിയണ്‍ മുഴുവന്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ട അഞ്ചിന പ്രവര്‍ത്തന പദ്ധതി ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി, ബി.എസ് 4 മാനദണ്ഡങ്ങള്‍ക്ക് താഴെയുള്ള ഡല്‍ഹിക്ക് പുറത്ത് നിന്നു വരുന്ന വാഹനങ്ങളുടെ പ്രവേശനം ഡല്‍ഹി സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചു.
കൂടാതെ, പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിഷേധിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്ക് ഫിസിക്കല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ച് നടത്തുന്ന ഹൈബ്രിഡ് മോഡ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം നിരവധി റോഡപകടങ്ങളുണ്ടായി. വിമാനങ്ങള്‍ റദ്ദാക്കുന്നതിനും സര്‍വീസുകള്‍ വൈകുന്നതിനും മൂടല്‍മഞ്ഞ് കാരണമായി.
മൂന്നു ദിവസത്തിനു ശേഷം ശക്തമായ കാറ്റുമൂലം മൂടല്‍മഞ്ഞ് കുറഞ്ഞതോടെ ചൊവ്വാഴ്ച സ്ഥിതിയില്‍ ചെറിയ മാറ്റമുണ്ടായി. ചൊവ്വാഴ്ച 354 ആയിരുന്ന എക്യുഐ ബുധനാഴ്ച രാവിലെ 329 ലേക്ക് താഴ്ന്നതും നേരിയ ആശ്വാസമായി.
മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങള്‍ മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുന്നതിനാല്‍ നിലവില്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത രജിസ്റ്റര്‍ ചെയ്ത നിര്‍മാണ തൊഴിലാളികള്‍ക്ക് 10,000 രൂപ വീതം നഷ്ട പരിഹാരം നല്‍കാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.