ന്യൂഡല്‍ഹി: ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് വഴിതുറന്നുകൊടുക്കാന്‍ ലക്ഷ്യമിട്ടുള്ള സസ്റ്റെയ്നബിള്‍ ഹാര്‍നസിങ് ആന്‍ഡ് അഡ്വാന്‍സ്മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്ഫോര്‍മിങ് ഇന്ത്യ (SHANTI) ബില്‍ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. അറ്റോമിക് എനര്‍ജി ആക്ട് 1962, സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ആക്ട് 2010 ബില്ലുകള്‍ക്ക് പകരമായാണ് പുതിയ ബില്‍.
ആണവ നിലയങ്ങളും റിയാക്ടറുകളും നിര്‍മിക്കാന്‍ ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നു എന്നതാണ് ബില്ലിലെ പ്രധാന മാറ്റം. ഇതുവരെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. ആണവ നാശനഷ്ടങ്ങള്‍ക്ക് പ്രായോഗികമായ ഒരു സിവില്‍ ബാധ്യത സംവിധാനം ഉണ്ടാക്കുന്നതിനും ആണവോര്‍ജ് റെഗുലേറ്ററി ബോര്‍ഡിന് നിയമപരമായ പദവി നല്‍കാനും ബില്‍ ലക്ഷ്യമിടുന്നതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ആണവ ദുരന്തങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ബാധ്യത, പ്ലാന്റ് ഓപ്പറേറ്റര്‍മാരില്‍ പരിമിതപ്പെടുത്തുകയും ഉപകരണ വിതരണക്കാരെ അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ് ബില്ലിലെ മറ്റൊരു സുപ്രധാന മാറ്റം. പരമാവധി ബാധ്യത അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 300 ദശലക്ഷം സ്പെഷ്യല്‍ ഡ്രോയിങ് റൈറ്റ്സിന് തുല്യമായ രൂപയിലേക്ക് പരിമിതപ്പെടുത്തുന്നു.
റിയാക്ടറിന്റെ വലുപ്പം അനുസരിച്ച് ഏകദേശം 11 ദശലക്ഷം മുതല്‍ 330 ദശലക്ഷം ഡോളര്‍ വരെ ഇന്‍ഷുറന്‍സോ ബാധ്യത ഫണ്ടുകളോ ഓപ്പറേറ്റര്‍മാര്‍ നിലനിര്‍ത്തേണ്ടി വരും. അധികമായുള്ള ക്ലെയിമുകള്‍ക്കായി ഒരു പ്രത്യേക ആണവ ബാധ്യത ഫണ്ട് നിലവിലുണ്ടാകും. മാത്രമല്ല നാശനഷ്ടങ്ങള്‍ പരിധിവിട്ടാല്‍ സര്‍ക്കാര്‍ ഇടപെടും.
കൂടാതെ നിര്‍മാണത്തിലിരിക്കുന്ന ആണവ കേന്ദ്രത്തിന് ഉണ്ടാവുന്ന കേടുപാടുകള്‍, അതേ സ്ഥലത്തെ മറ്റ് കേന്ദ്രങ്ങള്‍ക്കോ ബന്ധപ്പെട്ട വസ്തുവകകള്‍ക്കോ ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍, സംഭവ സമയത്ത് ആണവ വസ്തുക്കള്‍ വഹിച്ചുകൊണ്ടിരുന്ന ഗതാഗത മാര്‍ഗത്തിന് ണ്ടാവുന്ന നാശനഷ്ടങ്ങള്‍ എന്നിവ്ക്ക് ഓപ്പറേറ്റര്‍മാര്‍ ബാധ്യസ്ഥരായിരിക്കില്ല.
ബില്ലിനെ എതിര്‍ത്ത് സംസാരിച്ച കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ഉപകരണ വിതരണക്കാരെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തു. നവംബര്‍ അവസാനത്തില്‍ അദാനി ഗ്രൂപ്പ് ആണവോര്‍ജ മേഖലയില്‍ പ്രവേശിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചതും ഡിസംബറില്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നതും യാദൃച്ഛികമാണോയെന്നും മനീഷ് തിവാരി ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.