കൊച്ചി: കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കൊച്ചി മേയര്‍ ആകുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന ആവശ്യം കെപിസിസിക്ക് മുന്നില്‍ ഉന്നയിക്കാനാണ് ഇവരുടെ ശ്രമം.
ദീപ്തി മേരി വര്‍ഗീസ്, ഷൈനി മാത്യു, വി.കെ മിനിമോള്‍ എന്നി മൂന്നു പേരിലൊരാളാവും കൊച്ചിയുടെ പുതിയ മേയറെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇവരിലാര് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ദീപ്തി മേരി വര്‍ഗീസിന് തന്നെയാണ് ആദ്യ പരിഗണന. കെ.എസ്.യു കാലം മുതല്‍ സംഘടനയുടെ ഭാഗമായ ദീപ്തിക്ക് മേയര്‍ സ്ഥാനം നല്‍കേണ്ടത് സ്വാഭാവിക നീതിയാണെന്ന് വാദിക്കുന്നവരാണ് പാര്‍ട്ടിയില്‍ ഏറെയും.
എന്നാല്‍ ജില്ലയിലെ പ്രധാന നേതാക്കളില്‍ ചിലര്‍ക്ക് ദീപ്തി മേയറാകുന്നതില്‍ എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് മിനിമോളുടെയും ഷൈനി മാത്യുവിന്റെയും പേര് കൂടി ചര്‍ച്ചകളിലേക്ക് വരുന്നത്. ലത്തീന്‍ സമുദായത്തിന് സ്വാധീനമുളള നഗരമെന്ന നിലയിലാണ് മിനിമോളുടെയും ഷൈനിയുടെയും പേര് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ അഭിപ്രായം തേടിയ ശേഷമേ മേയറെ തീരുമാനിക്കാവൂ എന്നാണ് ഇവരുടെ ആവശ്യം.
കെപിസിസി, എഐസിസി നേതൃത്വങ്ങളില്‍ ദീപ്തിക്കുളള സ്വാധീനം മനസിലാക്കിയാണ് കൗണ്‍സിലര്‍മാരുടെ തലയെണ്ണിയുളള തീരുമാനം വേണമെന്ന ആവശ്യം പാര്‍ട്ടിയിലെ ദീപ്തി വിരുദ്ധ ചേരി ഉന്നയിക്കുന്നതെന്നാണ് വിവരം. സമുദായ നേതാക്കളെ ഇറക്കിയുളള സമ്മര്‍ദത്തിനും നീക്കം നടക്കുന്നുണ്ട്. തര്‍ക്കം വന്നാല്‍ രണ്ടര വര്‍ഷം വീതം മേയര്‍ പദവി വീതിച്ചു നല്‍കുന്ന കാര്യവും നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് മേയറെങ്കില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുളള ഡെപ്യൂട്ടി മേയറെ നിയോഗിക്കുന്നതിനെ കുറിച്ചാണ് മറ്റൊരു ചര്‍ച്ച. മുതിര്‍ന്ന നേതാവ് കെ.വി.പി കൃഷ്ണകുമാറും, യുവ കൗണ്‍സിലര്‍ ദീപക് ജോയിയുമാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.