വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തുവെന്ന് സൂചന; വന്‍ ദുരന്തം ഒഴിവായതില്‍ ആശ്വാസം

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തുവെന്ന് സൂചന;  വന്‍ ദുരന്തം ഒഴിവായതില്‍ ആശ്വാസം

കൊച്ചി: ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

160 യാത്രക്കാരുമായി പറന്നുയര്‍ന്ന ഐഎക്‌സ് 398 വിമാനത്തിന്റെ ടയറുകള്‍ യാത്രാ മധ്യേ പൊട്ടിത്തെറിച്ചെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ലാന്‍ഡിങ് ഗിയറിനും തകരാര്‍ സംഭവിച്ചിരുന്നു.

ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയറില്‍ പറ്റിപ്പിടിച്ച വസ്തുവാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം. ഈ വസ്തു എന്താണെന്നും മറ്റുമുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതേയുള്ളൂവെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

ലാന്‍ഡിംഗിനുശേഷമുള്ള പരിശോധനയിലാണ് ടയറുകള്‍ പൊട്ടിത്തെറിച്ചത് കണ്ടെത്തിയത്. യാത്രക്കാര്‍ക്ക് ബാഗേജുകള്‍ വിട്ടുകൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായെന്നും യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

അതേസമയം ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് ഇന്ന് രാവിലെ 9.20 ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം മധുരയിലേക്ക് വഴിതിരിച്ചു വിട്ടു. ശ്രീലങ്കന്‍ എയറിന്റെ ഫ്‌ളൈറ്റ് നമ്പര്‍ യുഎല്‍ 165 ആണ് മധുരയിലേക്ക് വിട്ടത്. ജിദ്ദയില്‍ നിന്നുള്ള വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങിനെ തുടര്‍ന്ന് റണ്‍വേ അടച്ചിടേണ്ടി വന്നതുകൊണ്ടാണ് കൊളംബോ കൊച്ചി വിമാനം മധുരയിലേക്ക് വഴിത്തിരിച്ച് വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.