കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം നേട്ടങ്ങളുണ്ടാക്കിയ ബിജെപിക്ക് സംസ്ഥാനത്ത് പ്രതീക്ഷിച്ച ക്രിസ്ത്യന്‍ വോട്ടുകള്‍ നേടാനായില്ലെന്ന് വിലയിരുത്തല്‍.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു പരിധിവരെ പയറ്റി വിജയിച്ച ക്രിസ്ത്യന്‍ വോട്ട് നേടാനുള്ള തന്ത്രങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എട്ട് നിലയില്‍ പൊട്ടിയെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.
തദ്ദേശ തിരഞ്ഞെടുപ്പിലും വിജയിക്കുകയാണെങ്കില്‍ നിയമസഭയിലും ഇതേ തന്ത്രം പയറ്റാനായിരുന്നു ബിജെപിയുടെ അണിയറ നീക്കം. തൃശൂരില്‍ സുരേഷ് ഗോപി വിരുദ്ധ തരംഗവും തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ട്.
തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം മാതൃകയാക്കി അതുപോലുള്ളൊരു വിജയത്തിനായി ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ചു കൊണ്ടുള്ള തന്ത്രങ്ങളാണ് ബിജെപി തുടക്കത്തിലേ പയറ്റിയത്. എന്നാല്‍ അത് ഫലം കണ്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഭരണനിരുദ്ധ വികാരം കാര്യമായി പ്രതിഫലിച്ച തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഏറക്കുറെ യുഡിഎഫിന് അനുകൂലമായി മാറുകയായിരുന്നു.
തൃശൂര്‍ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ പല പ്രവൃത്തികളും പാര്‍ട്ടി വോട്ടുകള്‍ ഉള്‍പ്പെടെ അകറ്റിയിട്ടുണ്ടെന്ന വിലയിരുത്തലും ബിജെപിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന ജനപ്രതിനിധി എന്ന രീതിയിലല്ല മാടമ്പി മനോഭാവത്തോടെയാണ് സുരേഷ് ഗോപി പെരുമാറുന്നതെന്ന് തുടക്കം മുതല്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു.
അദേഹത്തിന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടി നല്‍കുന്നതാണെന്നും കേന്ദ്രമന്ത്രിയെ കോമാളി ലുക്കിലാണ് ജനങ്ങള്‍ കണക്കാക്കുതെന്നും പലതവണ പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ സുരേഷ് ഗോപിയെ വിലക്കാന്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കുമാകുന്നില്ല.
മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില മുതിര്‍ന്ന നേതാക്കള്‍ പ്രചരണ രംഗത്ത് കാര്യക്ഷമമായിരുന്നില്ല എന്നും വിലയിരുത്തലുമുണ്ട്. ചിലര്‍ പേരിന് മാത്രം രംഗത്തിറങ്ങിയെങ്കിലും നേതൃപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കായില്ലെന്നും കണക്കുകൂട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇതി ഏതാനും മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെന്നതിനാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എങ്ങനെ തരണം ചെയ്യുമെന്നതിനെക്കുറിച്ചാണ് പാര്‍ട്ടി കേന്ദ്രങ്ങളിലെ തിരക്കിട്ട ചര്‍ച്ച.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.