മുഖ്യമന്ത്രി പദം: കര്‍ണാടകയില്‍ കസേരകളി മുറുകുന്നു: 'കാത്തിരിക്കൂ, ഞാന്‍ വിളിക്കാം'; ഡി.കെയ്ക്ക് രാഹുലിന്റെ സന്ദേശം

മുഖ്യമന്ത്രി പദം: കര്‍ണാടകയില്‍ കസേരകളി മുറുകുന്നു: 'കാത്തിരിക്കൂ, ഞാന്‍ വിളിക്കാം'; ഡി.കെയ്ക്ക് രാഹുലിന്റെ സന്ദേശം

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരക്കായുള്ള കളികള്‍ മുറുകുന്നതിനിടെ ഹൈക്കമാന്‍ഡ് തീരുമാനം പാര്‍ലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പുണ്ടാകുമെന്ന് സൂചന. ഇതോടെ മുഖ്യമന്ത്രി കസേരയില്‍ സിദ്ധരാമയ്യ തുടരുമോ, അതോ ഡി.കെ ശിവകുമാര്‍ എത്തുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.

അതിനിടെ കഴിഞ്ഞ ഒരാഴ്ചയായി രാഹുല്‍ ഗാന്ധിയെ ബന്ധപ്പെടാന്‍ ശ്രമം നടത്തി വന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനോട് 'കാത്തിരിക്കൂ, ഞാന്‍ വിളിക്കാം' എന്ന സന്ദേശം രാഹുല്‍ വാട്‌സാപ്പിലൂടെ കൈമാറിയെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.

വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഇന്നോ, നാളെയോ കൂടിക്കാഴ്ച നടന്നേക്കും. നേതൃമാറ്റവുമായി ബന്ധപ്പെട്ട് ആഴ്ചകളായി നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ശ്രമിച്ചു വരികയാണ്.

ഈ സാഹചര്യത്തില്‍ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും നവംബര്‍ 28, 29 തിയതികളില്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനത്ത് ഉടലെടുത്ത ആഭ്യന്തര പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.

മാര്‍ച്ച് വരെയെങ്കിലും നിലവിലെ സ്ഥിതി നിലനിര്‍ത്താനാണ് സിദ്ധരാമയ്യ ക്യാമ്പ് ശ്രമിക്കുന്നത്. എന്നാല്‍ ഡി.കെ ശിവകുമാറിനെ പിന്തുണയ്ക്കുന്നവര്‍ സംസ്ഥാനത്ത് ഒരു പരിവര്‍ത്തന പദ്ധതിയാണ് ആവശ്യപ്പെടുന്നത്. ഡികെ ശിവകുമാറിന്റെ മുഖ്യമന്ത്രി പദവി 2023 ലെ സര്‍ക്കാര്‍ രൂപീകരണ സമയത്ത് അനൗപചാരികമായി അംഗീകരിച്ചതാണെന്ന് അവര്‍ വാദിക്കുന്നു.

ആദ്യം സിദ്ധരാമയ്യ പിന്നീട് താന്‍ എന്ന ധാരണയിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് ശിവകുമാര്‍ പറയുന്നത്. രണ്ടര കൊല്ലം പിന്നിട്ടതിനാല്‍ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പദം നല്‍കണമെന്നാണ് അദേഹത്തിന്റെ ആവശ്യം.

പദവി ലഭിക്കുമെന്ന് എഴുതി നല്‍കണമെന്ന് എംഎല്‍എമാര്‍ വഴി ഹൈക്കമാന്‍ഡിനെ ശിവകുമാര്‍ അറിയിച്ചിട്ടുണ്ട്. ശിവകുമാറിന്റെ നടപടി കര്‍ണാടക കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുമെന്ന് ബംഗളൂരുവില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട സിദ്ധരാമയ്യ അറിയിച്ചിരുന്നു.

തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കുന്ന മലയാളിയും കര്‍ണാടക ഊര്‍ജ മന്ത്രിയുമായ കെ.ജെ ജോര്‍ജ് കഴിഞ്ഞ ദിവസം സിദ്ധരാമയ്യയെ കണ്ടിരുന്നു. പിന്നാലെ ഡി.കെ ശിവകുമാര്‍ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ചിലെ സംസ്ഥാന ബഡ്ജറ്റ് സമ്മേളനം വരെ ക്ഷമിക്കാന്‍ ജോര്‍ജ് നിര്‍ദേശിച്ചതായാണ് അറിയുന്നത്.

സിദ്ധരാമയ്യ ശിവകുമാര്‍ വടംവലി പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി കസേരക്കായി ആഭ്യന്തര മന്ത്രിയും ദളിത് നേതാവുമായ ജി. പരമേശ്വരയും നീക്കം തുടങ്ങിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.