ജയ്പൂര്‍: പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കി രാജസ്ഥാനിലെ ഗ്രാമം. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളിലാണ് നിരോധനത്തിന് ഒരുങ്ങുന്നത്. ചൗധരി സമുദായക്കാര്‍ തിങ്ങിപാര്‍ക്കുന്ന സുന്ദമാത പാട്ടി പഞ്ചായത്താണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ നിരോധനം പ്രഖ്യാപിച്ചത്.
പെണ്‍മക്കളും മരുമക്കളായ യുവതികളും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനുവരി 26 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. വിവാഹം, പൊതു ചടങ്ങുകള്‍ എന്നിവ മുതല്‍ അയല്‍വീടുകള്‍ സന്ദര്‍ശിക്കുന്ന വേളകളില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ കയ്യില്‍ കരുതാന്‍ ഇനി മുതല്‍ അനുവാദം ഉണ്ടാകില്ല. കോളുകള്‍ക്കായി കീപാര്‍ഡ് ഫോണുകള്‍ ഉപയോഗിക്കാമെന്നും എന്നാല്‍ കാമറ പാടില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
കമ്മ്യൂണിറ്റി പ്രസിഡന്റ് സുജനറാം ചൗധരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സ്ത്രീകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ കാഴ്ച ശക്തിയെ ബാധിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. ജലോര്‍ ജില്ലയിലെ പാട്ടി മേഖലയിലെ ഗാജിപുര, പാവ്‌ലി, കല്‍റ, മനോജിയ വാസ്, രാജികാവാസ്, ദത്‌ലാവാസ്, രാജ്പുര, കോടി, സിദ്രോഡി, അല്‍റി, റോപ്‌സി, ഖാനദേവല്‍, സവിധര്‍, ഭീന്‍മാലിലെ ഹാത്മി കി ധനി, ഖാന്‍പൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് നിരോധനം നടപ്പിലാക്കുക.
സ്മാര്‍ട്ട് ഫോണ്‍ നിരോധനത്തിന് മുന്‍പും ഇത്തരം വിവാദ നീക്കങ്ങളുമായി ചൗധരി വിഭാഗം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒരു യുവ ദമ്പതികളുടെ പ്രണയ വിവാഹത്തെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ സമുദായം നിര്‍ദേശിച്ചിരുന്നു. 12 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ദമ്പതികള്‍ പരാതിയുമായി ഭീന്‍മല്‍ പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെങ്കിലും ഭൂരിഭാഗവും ബഹിഷ്‌കരണത്തെ ന്യായീകരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.