സ്റ്റെർൻസിംഗർ (Sternsinger): സഭയുടെ നേതൃത്വത്തിൽ യൂറോപ്പിലെ ക്രിസ്ത്യൻ കുട്ടികൾ ലോകത്തിലെ പാവപെട്ട കുട്ടികൾക്കായി ധനശേഖരണ ദൗത്യം: കുട്ടികൾക്കായി കുട്ടികൾ

സ്റ്റെർൻസിംഗർ (Sternsinger): സഭയുടെ നേതൃത്വത്തിൽ യൂറോപ്പിലെ ക്രിസ്ത്യൻ കുട്ടികൾ ലോകത്തിലെ പാവപെട്ട കുട്ടികൾക്കായി ധനശേഖരണ ദൗത്യം: കുട്ടികൾക്കായി കുട്ടികൾ

കത്തോലിക്ക സഭയുടെ ഹൃദയത്തിൽ നിന്നുയർന്ന ഒരു വിശ്വാസപാഠം കുട്ടികളെ ലോകത്തോട് ഉത്തരവാദികളാക്കുന്ന മനുഷ്യസ്നേഹപ്രവർത്തനം

ക്രിസ്തുമസ് ആഘോഷങ്ങളുടെ വിളക്കുകൾ പതുക്കെ അണയുമ്പോൾ, ജർമൻഭാഷ സംസാരിക്കുന്ന യൂറോപ്യൻ പ്രദേശങ്ങളിലുടനീളം വീടുകളുടെ വാതിലുകളിൽ വീണ്ടും ഒരു ചെറിയ എഴുത്ത് തെളിയും 20 ✶ C ✶ M ✶ B ✶ 26. അതൊരു ആചാരമെഴുത്തല്ല; വിശ്വാസപാരമ്പര്യത്തിന്റെ ഇന്നത്തെ സാക്ഷ്യമാണ്. Christus mansionem benedicat ക്രിസ്തു ഈ ഭവനത്തെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന, ഒരു വീട്ടിൽ മാത്രം ഒതുങ്ങുന്നില്ല; ലോകത്തിന്റെ അറ്റത്തിരിക്കുന്ന ഓരോ കുട്ടിയിലേക്കും അത് നീളുന്നു.

ഈ എഴുത്തിലേക്കാണ് കുട്ടികൾ നമ്മെ നയിക്കുന്നത്. തലയിൽ കിരീടം, കൈയിൽ നക്ഷത്രം, മുഖത്ത് ക്രിസ്തുമസിന്റെ സന്തോഷം, കൂട്ടമായി വീടുവീടായി എത്തുന്ന ഈ കുഞ്ഞുങ്ങളെ ജർമൻഭാഷാപ്രദേശങ്ങളിൽ സ്റ്റെർൻസിംഗർ (നക്ഷത്രഗായകർ) എന്ന് വിളിക്കുന്നു. അവർ വാതിലിനുമുമ്പിൽ നിൽന്ന് പാടുന്നു, ആശംസിക്കുന്നു, വീടിനുവേണ്ടി അനുഗ്രഹം കുറിക്കുന്നു. പിന്നെ ആരെയും നിർബന്ധിക്കാതെ ഒരു ചെറു പെട്ടി മുന്നോട്ടുവയ്ക്കുന്നു ലോകത്തിന്റെ മറ്റൊരു കോണിൽ കഴിയുന്ന കുട്ടികൾക്കായി.

എപ്പിഫനി, പൂജരാജാക്കന്മാരുടെ തിരുനാൾ ആസ്പദമാക്കി സഭ ജീവിച്ചു വളർത്തിയ ഒരു ലിറ്റർജിക്കൽ പാരമ്പര്യം, കാലക്രമേണ സാമൂഹിക ഉത്തരവാദിത്വമായി മാറിയതാണ് ഈ നക്ഷത്രയാത്ര. ദൈവം എല്ലാ ജനതകൾക്കും വെളിപ്പെട്ട ദിനത്തിന്റെ ഓർമ്മ, ഇന്ന് സഭയെ വീടുകളിലേക്കും തെരുവുകളിലേക്കും കുട്ടികളുടെ കൈപിടിച്ച് ഇറങ്ങാൻ പ്രേരിപ്പിക്കുന്നു. ആരാധനാലയത്തിനുള്ളിൽ മാത്രം നിൽക്കാതെ, സമൂഹത്തിന്റെ ഹൃദയത്തിലേക്ക് കടക്കുന്നതാണ് സഭയുടെ ഈ സമീപനം.

ജർമൻഭാഷാ ലോകത്ത് ഈ പ്രവർത്തനം ഇന്ന് ക്രമബദ്ധമായി ഏകോപിപ്പിക്കപ്പെടുന്നത് Aktion Dreikönigssingen എന്ന സംരംഭത്തിലൂടെയാണ്. പാരിഷ്–രൂപത സംവിധാനങ്ങളിലൂടെ ശേഖരിക്കുന്ന സംഭാവനകൾ ഉത്തരവാദിത്വത്തോടെ കൈമാറി, ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സുരക്ഷ, അവകാശസംരക്ഷണം തുടങ്ങിയ പദ്ധതികൾക്ക് വിനിയോഗിക്കുന്നു. ഇവിടെ സഭയുടെ വിശ്വാസയോഗ്യതയും പാരദർശിതയും തന്നെയാണ് ജനങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം.

ഈ വിശ്വാസത്തിന്റെ ശക്തി ഏറ്റവും വ്യക്തമായി കാണുന്നത് ഓരോ വർഷവും ജനങ്ങൾ തുറക്കുന്ന മനസ്സുകളിലൂടെയാണ്. കഴിഞ്ഞ വർഷം മാത്രം ജർമനിയിൽ ഈ നക്ഷത്രയാത്രയിലൂടെ ഏകദേശം 40 മില്യൺ യൂറോ സമാഹരിക്കപ്പെട്ടു. ഓസ്ട്രിയയിൽ ഇത് ഏകദേശം 15.5 മില്യൺ യൂറോവരെ എത്തി. സ്വിറ്റ്സർലൻഡിൽ പോലും, ജനസംഖ്യ കുറവായിട്ടും, ഓരോ വീടിന്റെയും ചെറിയ സംഭാവനകൾ ചേർന്ന് ഒരു മില്യണിലധികം സ്വിസ് ഫ്രാങ്ക് സമാഹരിക്കപ്പെട്ടു.

ഈ സംഖ്യകൾ പറയുന്നത് അഭിമാനമല്ല; വിശ്വാസം പ്രവർത്തിയായി മാറുമ്പോൾ ഉണ്ടാകുന്ന ഫലത്തിന്റെ നിശ്ശബ്ദ സാക്ഷ്യമാണ്. ഓരോ നാണയത്തിനും പിന്നിൽ, ലോകത്തിന്റെ മറ്റൊരു കോണിൽ ഒരു കുട്ടിയുടെ പഠനാവകാശം, സുരക്ഷ, ആരോഗ്യപരിരക്ഷ അങ്ങനെയുള്ള അനേകം ജീവിതങ്ങളുണ്ട്.

ഈ നക്ഷത്രയാത്രയുടെ വേരുകൾ മദ്ധ്യകാല യൂറോപ്പിലേക്കാണ് നീളുന്നത്. മൂന്ന് രാജന്മാരുടെ സന്ദർശനം ആസ്പദമാക്കി നടന്ന സഭാനാടകങ്ങളും ജനകീയഗാനങ്ങളും കാലക്രമേണ വീടുകളിലേക്കുള്ള സന്ദർശനങ്ങളായി മാറി. എന്നാൽ 1959-ൽ ഒരു നിർണായകമായി, ഒരു ജനകീയ വിശ്വാസാചാരം “കുട്ടികൾക്കായി കുട്ടികൾ” എന്ന ആശയത്തിൽ ലോകത്തെ സ്പർശിക്കുന്ന മനുഷ്യസ്നേഹപ്രസ്ഥാനമായി മാറി. അന്നുമുതൽ ഈ നക്ഷത്രയാത്ര കത്തോലിക്ക സഭയുടെ മിഷൻബോധത്തിന്റെ ജീവിക്കുന്ന ഉദാഹരണമായി.

ഇന്നത്തെ ലോകത്ത് ഈ പ്രവർത്തനത്തിന്റെ പ്രസക്തി അതിവിശാലമാണ്. യുദ്ധങ്ങളും കുടിയേറ്റവും ദാരിദ്ര്യവും കുട്ടികളുടെ ബാല്യം കവർന്നെടുക്കുന്ന കാലമാണിത്. അത്തരം വാർത്തകൾ കേൾക്കുന്ന കുട്ടികൾ തന്നെയാണ് മറ്റൊരു കുട്ടിക്കായി കൈ നീട്ടുന്നത്. ചെറിയ കൈകളിലൂടെ ശേഖരിക്കുന്ന തുകകൾ, അവരുടെ മനസ്സിൽ ഒരു വലിയ ബോധമാകുന്നു നമ്മൾ ചേർന്നാൽ ലോകം മാറ്റാം.

പങ്കിടൽ, സഹകരണം, കരുണ ഈ മൂല്യങ്ങൾ കുട്ടികൾ പഠിക്കുന്നത് പുസ്തകങ്ങളിൽ നിന്നല്ല; ജീവിച്ചുള്ള അനുഭവങ്ങളിൽ നിന്നാണ്. കത്തോലിക്ക സഭ ഇവിടെ കുട്ടികളെ വെറും സ്വീകരിക്കുന്നവരായി കാണുന്നില്ല; ലോകത്തെ മാറ്റുന്ന പങ്കാളികളായി കാണുന്നു. “കുട്ടികൾ സഭയുടെ ഭാവിയാണ്” എന്ന വാക്ക് ഇവിടെ മുദ്രാവാക്യമല്ല, പ്രവർത്തിയാണ്. കുട്ടികളെ തന്നെ മിഷന്റെ മുഖ്യവാഹകരാക്കി മാറ്റുന്ന ഈ സമീപനം, ആധുനിക ലോകത്തിൽ സഭയുടെ ഏറ്റവും ശക്തമായ സാക്ഷ്യങ്ങളിലൊന്നാണ്.

ജർമൻഭാഷാ സമൂഹങ്ങൾ ഈ നക്ഷത്രയാത്രയെ അതീവ ബഹുമാനത്തോടെയാണ് കാണുന്നത്. നഗരങ്ങളിലെ തിരക്കിനിടയിലും, ഗ്രാമങ്ങളിലെ ശാന്തതയിലും, ആളുകൾ സന്തോഷത്തോടെ വാതിൽ തുറക്കുന്നു. കുട്ടികളുടെ പാട്ട് കേൾക്കാൻ അവർ സമയം കണ്ടെത്തുന്നു; ഒരു ആശംസ സ്വീകരിക്കാൻ അവർ മനസ്സ് തുറക്കുന്നു. സംഭാവന നൽകുമ്പോൾ അത് ഒരു ഔപചാരികതയല്ല വിശ്വാസത്തിനോടുള്ള പ്രതികരണമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.