ഇന്നത്തെ ലോകം മുൻപുണ്ടായിരുന്ന അതിരുകളെ മറികടന്നുകഴിഞ്ഞു. മെച്ചപ്പെട്ട ജോലി, വിദ്യാഭ്യാസം, സുരക്ഷിതമായ ജീവിതം, വ്യക്തിഗത സ്വാതന്ത്ര്യം, ഭാവിസാധ്യതകൾ ഈ സ്വപ്നങ്ങൾ തേടി ലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ ജന്മനാടുകൾ വിട്ട് അമേരിക്ക ,യുകെ, ജർമ്മനി , കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.
ഈ വലിയ പ്രയാണത്തിന്റെ ഫലം എന്താണ്? വിവിധ ഭാഷകളും മതങ്ങളും ജീവിതരീതികളും ഉൾക്കൊള്ളുന്ന സമ്പന്നമായ ഒരു ബഹുസാംസ്‌കാരിക സമൂഹം. ലോകം ഒരു ഗ്രാമം പോലെ ബന്ധിതമാകുന്നു എന്നത് സത്യമാണ്. എന്നാൽ, അതിനൊപ്പം ഒരിക്കൽ നിശ്ശബ്ദമായിരുന്ന ഒരു ചോദ്യവും വീണ്ടും വീണ്ടും ഉയരുന്നു: “ഈ വൈവിധ്യം സമ്പത്താകുമോ, അതോ സംഘർഷമാകുമോ?”
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ, നമ്മൾ ഒരു അടിസ്ഥാന സത്യത്തെ മനസ്സിലാക്കണം. സംസ്കാരം എന്നത് ബാഹ്യചിഹ്നങ്ങളുടെ അഥവാ ആചാരങ്ങളുടെ കളിയല്ല. പലർക്കും സംസ്‌കാരം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് വേഷം, ഭക്ഷണം, ഉത്സവങ്ങൾ, മതാചാരങ്ങൾ, ഭാഷ, ചിഹ്നങ്ങൾ എന്നിവയാണ്. ഇവ സംസ്‌കാരത്തിന്റെ പുറംതലം മാത്രമാണ്. എന്നാൽ സംസ്‌കാരത്തിന്റെ യഥാർത്ഥ ആഴം അതിനപ്പുറത്താണ്. ഒരു സമൂഹം എങ്ങനെ ചിന്തിക്കുന്നു, പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുന്നു, മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കുന്നു, പൊതുജീവിതത്തിൽ എങ്ങനെ പെരുമാറുന്നു ഇവയെല്ലാമാണ് സംസ്കാരത്തിന്റെ ഹൃദയം.
യൂറോപ്യൻ മനോഭാവവും മതേതരത്വവും (Secularism):
ഈ ആശയം വ്യക്തമാക്കാൻ നമുക്ക് യൂറോപ്പിന്റെ ഉദാഹരണം പരിശോധിക്കാം. യൂറോപ്പ് ചരിത്രപരമായി ക്രിസ്തീയ വിശ്വാസത്തിൽനിന്ന് വളർന്ന ഒരു ഭൂഖണ്ഡമാണ്, ക്രിസ്തിയതാണ് ഇന്നത്തെ യൂറോപ്പിന്റെ ആണിക്കല്ല് എന്നാൽ ഇന്നത്തെ യൂറോപ്യർ തങ്ങളെ 'മതപരമായ സമൂഹം' (Religious Society) എന്നു വിളിക്കുന്നില്ല. മറിച്ച്, 'മതേതര സമൂഹം' (Secular Society) എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. ഈ മതേതരത്വം എന്നത് മതവിരുദ്ധതയല്ല; അതിന്റെ അർത്ഥം പൊതുജീവിതം മതനിരപേക്ഷമായിരിക്കണം എന്നതാണ്. പൊതുസ്ഥലങ്ങളിൽ മതത്തിനും പ്രത്യേക പ്രാധാന്യം നൽകരുത് എന്ന വ്യക്തമായ ധാരണയാണ് അവിടെ നിലനിൽക്കുന്നത്.
എന്തുകൊണ്ടാണ് ഈ നിലപാട്? യൂറോപ്പ് തങ്ങളുടെ ചരിത്രത്തിൽ യുദ്ധങ്ങൾ കണ്ടു, മനുഷ്യാവകാശങ്ങൾ നഷ്ടപ്പെട്ട ഒരു കാലം കണ്ടു. ആ അനുഭവങ്ങൾ അവരെ പഠിപ്പിച്ചത് ഒന്നാണ്: “മതം വ്യക്തിയുടെ ഉള്ളിലേക്ക് പോകുമ്പോഴാണ് സമൂഹം പുറത്ത് സമാധാനം കണ്ടെത്തുന്നത്.” മതം ഒരുവനെ നവീകരിക്കണം , മതം ഒരുവനെ ഈ ലോകത്തു കുറച്ചുകൂടി നന്നായി എല്ലാവരുമായി പൊരുത്തപ്പെട്ടു ഒന്നിച്ചു പോകാൻ പ്രാപ്തിയുള്ളവൻ ആക്കി മാറ്റണം എന്ന് സാരം. പൊതുസ്ഥലത്ത് നിഷ്പക്ഷതയും സ്വകാര്യ ജീവിതത്തിൽ പൂർണ്ണ സ്വാതന്ത്ര്യവുമാണ് സഹവർത്തിത്വത്തിന്റെ രഹസ്യം എന്ന് അവർ വിശ്വസിക്കുന്നു.
ഒരു വ്യക്തി വീട്ടിൽ എന്തു വിശ്വസിച്ചാലും, എന്തു ആചരിച്ചാലും, എന്തു ധരിച്ചാലും അവർക്കൊരു പ്രശ്‌നവുമില്ല. എന്നാൽ അത് പൊതുസ്ഥലത്ത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും നിയമത്തെയും വെല്ലുവിളിക്കരുത്. അതിനാലാണ് സ്കൂൾ, ഓഫീസ്, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വലിയ മതപരമായ ചിഹ്നങ്ങളും (religious symbols) ശബ്ദമുയർത്തിയുള്ള ആചാരങ്ങളും (loud religious practices) അവർ ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഈ സമീപനം പുറത്തുനിന്ന് നോക്കുമ്പോൾ 'മതത്തെ നിരാകരിക്കുന്നതുപോലെ' തോന്നാമെങ്കിലും, യാഥാർത്ഥ്യം അതല്ല; അവർ പൊതുസമൂഹത്തെ സംരക്ഷിക്കുകയാണ്.
കുടിയേറ്റവും സാമൂഹിക കരാറും (Social Contract):
ഈ കാഴ്ചപ്പാടോടെയാണ് യൂറോപ്പ് കുടിയേറ്റക്കാരെ നോക്കിക്കാണുന്നത്. ചിലർ രാജ്യത്തെ നിയമവും മൂല്യവും ബഹുമാനിച്ച് ഇണങ്ങി ജീവിക്കുന്നു. ഇവരുടെ ഉള്ളിലെ മൂല്യങ്ങൾ വിശ്വസ്തത, ഉത്തരവാദിത്വം, കഠിനാധ്വാനം, മാനവികത യൂറോപ്യൻ സമൂഹം ആദരിക്കുന്നു. എന്നാൽ, ചില കുടിയേറ്റക്കാർ തങ്ങളുടെ സംസ്കാരത്തെ ബാഹ്യ ആചാരകൾ, ചിഹ്നങ്ങൾ കൊണ്ട് മാത്രം സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഇത് ചിലപ്പോൾ വസ്ത്രത്രണത്തിന്റെ പേരിൽ ആകാം, ചിലപ്പോൾ ആഹാരരീതികൾ ..... ചിലപ്പോൾ സ്വന്തം നിയമംതന്നെ പൊതുസമൂഹത്തിന്റെ മുകളിലേക്ക് വെക്കാൻ ശ്രമിക്കുന്നു. ഇവിടെയാണ് സംഘർഷം തുടങ്ങുന്നത്. നാട്ടുകാർ ചോദിക്കുന്ന ചോദ്യം ഇതാണ്: “നിങ്ങൾ ഇവിടെ വന്നപ്പോൾ, ഇവിടെ നിലവിലുള്ള സാമൂഹിക കരാർ (Social Contract) നിങ്ങൾ അംഗീകരിക്കേണ്ടതില്ലേ?”
യൂറോപ്പിലെ മതേതരത്വം എന്നത് 'മതം പൊതുചട്ടങ്ങളെ നിയന്ത്രിക്കരുത്' എന്നുള്ളതാണ്.പൊതുസ്ഥലത്തെ നിഷ്പക്ഷമാക്കുന്നത് ഒരു ശൂന്യത സൃഷ്ടിക്കാനല്ല, മറിച്ച് ഒരാൾക്കും തനിക്ക് അന്യമായ മതത്തിനോ ആചാരത്തിനോ കീഴടങ്ങേണ്ട സാഹചര്യം വരാതിരിക്കാനാണ്. അതായത്, യൂറോപ്പ് വിശ്വസിക്കുന്നത് ‘സ്വാതന്ത്ര്യം = എല്ലാവർക്കും ഒരേ നിയമം’ എന്നതാണ്.
ഇവിടെ ഒരു പ്രധാന സാംസ്‌കാരിക മാറ്റം സംഭവിച്ചു. പഴയ യൂറോപ്പിൽ, മതം പൊതുജീവിതത്തിന്റെ കേന്ദ്രത്തിലായിരുന്നു. എന്നാൽ, ഇന്ന് യൂറോപ്പ് ബഹുസാംസ്‌കാരികമായി മാറിയതോടെ, "എല്ലാവരും ഒരുപോലെ സുരക്ഷിതമായി ജീവിക്കാൻ പൊതുസ്ഥലം നിഷ്പക്ഷമാക്കണം" എന്ന ചിന്ത ഉയർന്നു. യൂറോപ്പ് എടുത്ത സുപ്രധാന തീരുമാനം ഇതാണ്: “മതം എന്നത് വ്യക്തിപരമാണ്, അത് പൊതുഅധികാരമല്ല” (Religion is personal, not public power). ഇത് മതനിഷേധമല്ല, മറിച്ച്, മതം + വൈവിധ്യം എന്നിവയെ പൊരുത്തപ്പെടുത്താനുള്ള പ്രായോഗിക മാർഗ്ഗമാണ്.
പുറംചിഹ്നങ്ങളുടെ രാഷ്ട്രീയം vs. അകത്തെ മൂല്യങ്ങളുടെ ശക്തി:
ചില കുടിയേറ്റക്കാർ തങ്ങളുടെ സംസ്കാരത്തെ പുറത്തുകാണുന്ന ആചാരങ്ങളിലൂടെ മാത്രം സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ (പ്രത്യേക വസ്ത്രങ്ങൾ നിർബന്ധിക്കൽ, പ്രത്യേക പ്രാർത്ഥനാസമയം ആവശ്യപ്പെടൽ, പൊതുസ്ഥലത്ത് ആചാരങ്ങൾ നടത്തൽ), അത് പൊതുസമൂഹത്തിന്റെ സ്വാതന്ത്യ്രത്തെയും നിയമത്തെയും ബാധിക്കുമ്പോൾ സംഘർഷം ഉണ്ടാകുന്നു. യൂറോപ്യർ പറയുന്നത്: “സ്വകാര്യമായി ചെയ്യുന്നത് നല്ലതാണു . പൊതു സ്ഥലത്ത് പൊതുനിയമം പാലിക്കുക.”
എന്നാൽ, ചില കുടിയേറ്റക്കാർക്ക് സംസ്‌കാരം എന്നത്, “ഞങ്ങൾക്ക് എല്ലായിടത്തും ഞങ്ങളുടേതായ രീതിയിൽ ആകാം ” എന്ന മനോഭാവമാണ്. അവർ ആതിഥേയ രാജ്യത്തിന്റെ മൂല്യങ്ങളെയും നിയമങ്ങളെയും പൂർണ്ണമായും അവഗണിക്കുമ്പോൾ, അത് നാട്ടുകാരിൽ ഭയം സൃഷ്ടിക്കുന്നു: “ഇവിടെ 'ഇവിടുത്തെ സമൂഹം' എന്ന ആശയം തകരുകയാണോ?” ഈ ഭയം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു. അതോടെ, സാംസ്കാരിക പ്രശ്നം കേവലം സാമൂഹികം അല്ലാതായി, രാഷ്ട്രീയവും ആയിത്തീരുന്നു. എന്നാൽ, എല്ലാ കുടിയേറ്റക്കാരും ഇങ്ങനെയല്ല. പലരും തങ്ങളുടെ ആന്തരിക മൂല്യങ്ങളിലൂടെ സമൂഹത്തെ സമ്പന്നമാക്കുന്നു.
ഭാവിയിലെ സാംസ്‌കാരിക സംഭാഷണം:
ഇവിടെനിന്നാണ് പ്രധാന നിഗമനം ഉയരുന്നത്: സംസ്‌കാരം സംരക്ഷിക്കുന്നത് ആചാരങ്ങളിൽ മാത്രം അല്ല പകരം മൂല്യങ്ങളെ സംരഷിക്കുന്നതിൽ ആണ് . ബഹുമാനം, സത്യസന്ധത, ഉത്തരവാദിത്വം, സഹകരണം ഇവ ഒരു സംസ്കാരത്തിന്റെ ആത്മാവാണ്, ഇവ കൊണ്ടുപോയാൽ ഏത് രാജ്യത്തിൽ പോയാലും ആ വ്യക്തിയെ ആളുകൾ കൈക്കൊണ്ട് സ്വീകരിക്കും. യഥാർത്ഥ ഇന്റർഗ്രേഷൻ എന്നത് ഒറ്റവഴി പ്രക്രിയയല്ല. അത്, Mutual Respect + Shared Values + Cultural Flexibility ആണ്. “നീ മുഴുവൻ മാറി ഞങ്ങളെപ്പോലെ ആകുക” എന്നതല്ല ഇന്റർഗ്രേഷൻ. ഒന്ന് ഒന്നിനെവിഴുങ്ങുന്നത് അല്ല ഇന്റർഗ്രേഷൻ എന്നു നമ്മൾ മനസിലാക്കണം.
സംസ്‌കാരങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ, യഥാർത്ഥത്തിൽ ജയിക്കുന്നത് ‘സാംസ്‌കാരിക ഗുണനിലവാരം’ ആണ്. നല്ല സംസ്കാരം മറ്റുള്ളവരെ ആകർഷിക്കുകയും അത് അനായാസം സ്വീകരിക്കപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്, യൂറോപ്യൻ മാനസികതയിലെ 'സമയനിഷ്ഠ' (Time discipline), 'പൊതു ശുചിത്വം' (Public cleanliness), 'നിയമവാഴ്ച' (Rule of Law) തുടങ്ങിയവ മറ്റുസംസ്‌കാരങ്ങൾ സ്വീകരിക്കുന്നു. അതുപോലെ ഇന്ത്യൻ മൂല്യങ്ങളിലെ 'കുടുംബബന്ധം', 'ആത്മീയമായ ആഴം' തുടങ്ങിയവ പല യൂറോപ്യർക്കും ആകർഷകമായി തോന്നുന്നു. യഥാർത്ഥ സാംസ്‌കാരിക സംഭാഷണം ഇതാണ്: “ഞാൻ നിന്നിൽനിന്ന് പഠിക്കും, നീ എന്നിൽനിന്ന് പഠിക്കും.”
ഉള്ളിലെ ശക്തിയും പുറത്തെ അലർച്ചയും
ഇന്ന് ഏറ്റവും ആവശ്യമുള്ളത് “പുറത്തെ ഐഡന്റിറ്റി രാഷ്ട്രീയം” (Outer Identity Politics) മറികടന്ന് “ഉള്ളിലെ മൂല്യ സംഭാഷണത്തിലേക്ക്” (Inner Value Dialogue) മാറുക എന്നതാണ്. ഒരാൾ വസ്ത്രം ധരിച്ചാലോ ഇല്ലയോ എന്നതിലുപരി, അവൻ സമൂഹത്തിന് എന്ത് സംഭാവന ചെയ്യുന്നു എന്നതാണ് പ്രധാനം. അവൻ നിയമം ബഹുമാനിക്കുന്നുണ്ടോ? അവൻ സത്യസന്ധനാണോ?. യൂറോപ്യൻ സമൂഹം ചോദിക്കുന്നത് ചിഹ്നത്തെക്കുറിച്ച് അല്ല, വിശ്വാസം സൃഷ്ടിക്കുന്ന വ്യക്തിത്വത്തെക്കുറിച്ചാണ്.
യഥാർത്ഥത്തിൽ യൂറോപ്യൻ സംസ്കാരത്തിന്റെ ഏറ്റവും വലിയ സവിശേഷത ശബ്ദമില്ലാത്ത ക്രമമാണ് , അവർ മതചിഹ്നങ്ങളെ ശബ്ദത്തോടെ പ്രദർശിപ്പിക്കാത്തതാണ്, എന്നാൽ ശാന്തമായി വലിയ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ്. ഇതിന്റെ മറുവശത്ത്, ചില കുടിയേറ്റസംസ്കാരങ്ങളിൽ “ഐഡന്റിറ്റി വിസിബിലിറ്റി” (Identity visibility) എന്നൊരു മനോഭാവം ശക്തമാണ്. “ഞാൻ ആരാണെന്ന് ലോകം അറിയണം” എന്ന ആവശ്യം സ്വാഭാവികമാണ്. പക്ഷേ, ഈ ഐഡന്റിറ്റി തെളിയിക്കൽ എങ്ങനെ?
* ബാഹ്യ ചിഹ്നങ്ങൾ........ ശ്രദ്ധ നേടും. (ശ്രദ്ധ താൽക്കാലികം)
* അന്തര മൂല്യങ്ങൾ .........ബഹുമാനം നേടും. (ബഹുമാനം സ്ഥിരം)
അതിനാൽ സംസ്‌കാരം സംരക്ഷിക്കുക എന്നാൽ സ്വയംസംസ്‌കാരം നഷ്ടപ്പെടാതെ മറ്റുള്ളവരോടൊപ്പം ജീവിക്കാൻ പഠിക്കുക എന്നതാണ്. ഒരു വ്യക്തിക്ക് തന്റെ ആന്തരിക മൂല്യങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിയുമ്പോൾ, അവൻ പുറംചിഹ്നങ്ങളില്ലാതെയും തന്റെ സംസ്‌കാരത്തെ ഏറ്റവും ശക്തമായി പ്രതിനിധീകരിക്കും.
ഇതിനെ സമൂഹശാസ്ത്രത്തിൽ സംസ്കാരത്തിന്റെ മൃദുശക്തി (Soft power of culture) എന്നു വിളിക്കുന്നു. ഈ മൂല്യങ്ങളെക്കൊണ്ട് വരുന്ന കുടിയേറ്റക്കാരെ യൂറോപ്പ് സ്വാഗതം ചെയ്യും, അവർക്ക് നേതൃത്വം നൽകും. എന്നാൽ, “ഞങ്ങൾ എല്ലായിടത്തും നമ്മുടെ അടയാളം പതിപ്പിക്കും” എന്ന മനോഭാവം കൊണ്ടുവരുന്ന സംസ്കാരങ്ങൾ സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുകയും ഒറ്റപ്പെടലിലേക്ക് (isolation) വീഴുകയും ചെയ്യും.
പാലം പണിയുന്നവൻ:
ഭാവിയിൽ സംസ്കാരങ്ങളുടെ യഥാർത്ഥ മത്സരരംഗം “ആചാരങ്ങളുടെയും അനുഷ്‌ടനകളുടെയും ” മൽസരം അല്ല, “ഉള്ളിലെ മൂല്യങ്ങളുടെ” മൽസരം ആയിരിക്കും. അതുകൊണ്ട്, ഇന്ന് ഓരോ കുടിയേറ്റക്കാരനും സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ ഇവയാണ്:
* 👉 ഞാൻ സംരക്ഷിക്കാൻ പോകുന്നത് എന്താണ്? ചിഹ്നങ്ങളോ, മൂല്യങ്ങളോ?
* 👉 ഞാൻ ഏത് രീതിയിലുള്ള കുടിയേറ്റക്കാരനാണ്? മതിൽ പണിയുന്നവനോ, പാലം പണിയുന്നവനോ?
ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി പറയാൻ തയാറാകുമ്പോൾ, സംസ്കാരങ്ങൾ തമ്മിൽ യുദ്ധമല്ല, പരസ്പര വളർച്ചയുടെ വഴി തുറക്കും.
കാരണം,ബാഹ്യ ചിഹ്നങ്ങൾ ശബ്ദം ഉണ്ടാക്കും,അന്തര മൂല്യങ്ങൾ വിശ്വാസം ഉണ്ടാക്കും.ലോകം ഒടുവിൽ ഒരാളെ സ്വീകരിക്കുന്നത് അവൻ ധരിക്കുന്നതിനെ ആസ്പദമാക്കി അല്ലഅവൻ എങ്ങനെയുള്ള മനുഷ്യനാണ് എന്നതിനെ ആസ്‌പദമാക്കിയാണ്. യഥാർത്ഥ സംസ്കാരം “എനിക്ക് മാത്രം ജീവിക്കാൻ അനുവാദം തരൂ” എന്ന നിലവിളി അല്ല, “നമുക്ക് ഒന്നായി നല്ല ലോകം പണിയാം” എന്ന ശാന്തമായ ക്ഷണമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.