'ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ വെനസ്വേല അമേരിക്ക ഭരിക്കും'; പിടിയിലായ മഡൂറോയെയും ഭാര്യയേയും ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയാണെന്ന് ട്രംപ്

'ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ വെനസ്വേല അമേരിക്ക ഭരിക്കും'; പിടിയിലായ മഡൂറോയെയും ഭാര്യയേയും ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയാണെന്ന് ട്രംപ്

വാഷിങ്ടണ്‍: യു.എസ് സൈന്യം കസ്റ്റഡിയിലെടുത്ത വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും യുദ്ധ കപ്പലില്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കും. ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു.

ആക്രമണത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് നയം വ്യക്തമാക്കിയത്. മഡൂറോ ഏകാധിപതിയാണ്. പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ അമേരിക്കന്‍ ആധിപത്യം പുനസ്ഥാപിച്ച് കഴിഞ്ഞു. വെനസ്വേലയില്‍ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യു.എസ് നാവികസേനാ കപ്പലില്‍ കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. ബന്ദിയാക്കപ്പെട്ട മഡൂറോയും ഭാര്യയും അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരും. യു.എസ് എണ്ണ കമ്പനികള്‍ വെനസ്വേലയില്‍ പണം ഉണ്ടാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈന്യം പിടികൂടുന്നത് താന്‍ ഒരു മുറിയില്‍ നിന്ന് ടെലിവിഷന്‍ ഷോ പോലെ സൈനിക ജനറല്‍മാര്‍ക്കൊപ്പം കണ്ടിരിക്കുകയായിരുന്നുവെന്നും അദേഹം വെളിപ്പെടുത്തി. വെനസ്വേലയില്‍ കടന്നുകയറിയുള്ള ആക്രമണത്തിന് പിന്നാലെ ഫോക്സ് ന്യൂസിന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലായിരുന്നു ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

ഇങ്ങനെയൊരു നീക്കം ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ കഴിയില്ലെന്നും അദേഹം അവകാശപ്പെട്ടു. വെനസ്വേലയിലെ ഓപ്പറേഷന്‍ വളരെ സങ്കീര്‍ണമായിരുന്നു. പ്രത്യേകം സ്ഥാപിച്ച സ്റ്റീല്‍ വാതിലുകള്‍ തകര്‍ത്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇരുവരേയും പിടികൂടുകയായിരുന്നു. താന്‍ ഇതിന് മുമ്പ് ഇങ്ങനെയൊന്നും കണ്ടിട്ടില്ല.

ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കുന്നതിനായി പാം ബീച്ചിലെ തന്റെ സ്വകാര്യ ക്ലബ്ബില്‍ ചെലവഴിക്കവെയാണ് ട്രംപ് ഓപ്പറേഷന്‍ നടപടികള്‍ വീക്ഷിച്ചത്. ഇങ്ങനെയൊരു നീക്കം ചെയ്യാന്‍ ഭൂമിയിലെ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് സൈനികര്‍ തന്നോട് പറഞ്ഞു. ഒരാഴ്ച മുമ്പ് താന്‍ മഡൂറോയെ വിളിച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല മഡൂറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ യു.എസ് സൈന്യത്തില്‍ ചിലര്‍ക്ക് പരിക്കേറ്റെങ്കിലും മരണം സംഭവിച്ചിട്ടില്ല. ഓപ്പറേഷനില്‍ പങ്കെടുത്ത വിമാനങ്ങളെല്ലാം തിരികെ എത്തിയെന്നും ട്രംപ് വ്യക്തമാക്കി.

യു.എസ് ഡെല്‍റ്റ ഫോഴ്സ്

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ച യു.എസ് ഡെല്‍റ്റ ഫോഴ്സ് ചില്ലറക്കാരല്ല. സൈനികരേക്കാള്‍ ഏറെ സങ്കീര്‍ണമാണ് ഇവരുടെ പ്രവര്‍ത്തനം. അമേരിക്കന്‍ ആയുധപ്പുരയിലെ ഏറ്റവും മാരകമായ ആയുധം എന്നാണ് ഡെല്‍റ്റ ഫോഴ്‌സിനെ വിശേഷിപ്പിക്കുന്നത്. യു.എസില്‍ ഡി-ബോയ്സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ശത്രുക്കളുടെ ഹൃദയമിടിപ്പ് നിലയ്ക്കുന്ന വേഗത്തില്‍ നിശബ്ദമായി വന്ന് ലക്ഷ്യം പൂര്‍ത്തിയാക്കി മടങ്ങുന്ന ഡെല്‍റ്റ ഫോഴ്‌സിന്റെ ശേഷിയും കരുത്തും ലോകം ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഔദ്യോഗികമായി ഫസ്റ്റ് സ്പെഷ്യല്‍ ഫോഴ്സ് ഓപ്പറേഷണല്‍ ഡിറ്റാച്ച്‌മെന്റ് (ഡെല്‍റ്റ) എന്ന് വിളിക്കപ്പെടുന്ന ഡെല്‍റ്റ ഫോഴ്‌സ് യു.എസ് സൈന്യത്തിലെ ടയര്‍1 ഗ്രൂപ്പാണ്. അതായത് ഏറ്റവും അപകടകരവും സങ്കീര്‍ണവുമായ ദൗത്യങ്ങള്‍ക്കായി മാത്രം നിയോഗിക്കപ്പെടുന്നവര്‍. 1977 ല്‍ കേണല്‍ ചാള്‍സ് ബെക്ക്വിത്തിന്റെ നേതൃത്വത്തിലാണ് ഈ സേന രൂപീകരിച്ചത്. ബ്രിട്ടീഷ് മാതൃകയിലുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. ആഗോള തലത്തില്‍ തീവ്രവാദ ഭീഷണി വര്‍ധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡെല്‍റ്റ ഫോഴ്‌സിന്റെ രൂപീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.