ബോണ്ടിയിലെ പോരാളികളെ രാജ്യം ആദരിക്കും; പ്രത്യേക ബഹുമതി പട്ടികയ്ക്ക് ശുപാർശ നൽകി പ്രധാനമന്ത്രി

ബോണ്ടിയിലെ പോരാളികളെ രാജ്യം ആദരിക്കും; പ്രത്യേക ബഹുമതി പട്ടികയ്ക്ക് ശുപാർശ നൽകി പ്രധാനമന്ത്രി

കാൻബറ: സിഡ്‌നിയിലെ ബോണ്ടി ഭീകരാക്രമണത്തിനിടയിൽ സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയവർക്ക് പ്രത്യേക ബഹുമതികൾ നൽകുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഇന്ന് രാവിലെ കാൻബറയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ബഹുമതി പട്ടിക തയ്യാറാക്കുന്നതിനായി ഗവർണർ ജനറൽ സാം മോസ്റ്റിന് കത്തെഴുതിയതായും അറിയിച്ചു.

ആക്രമണകാരിയെ നേരിട്ട പോലീസ് ഉദ്യോഗസ്ഥർ, ജീവൻ രക്ഷിക്കാൻ പോരാടിയ സാധാരണക്കാർ, പരിക്കേറ്റവർക്ക് തുണയായ മെഡിക്കൽ തൊഴിലാളികൾ എന്നിവർക്കെല്ലാം ഈ പ്രത്യേക പട്ടികയിലൂടെ അംഗീകാരം നൽകും. ബഹുമതിക്കായി പേരുകൾ നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും. അടുത്ത വർഷത്തോടെ അവാർഡുകൾ പ്രഖ്യാപിക്കും.

മുൻപ് ബാലി ബോംബിംഗ്, MH17 ദുരന്തം എന്നിവയിൽ സമാനമായ രീതിയിൽ പ്രത്യേക ബഹുമതികൾ നൽകിയിരുന്നു. ഭീകരാക്രമണത്തിന് ഇരയായവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി 'ജൂത കമ്മ്യൂണിറ്റി ഫൗണ്ടേഷനെ' ഔദ്യോഗിക ചാരിറ്റി സംഘടനയായി പ്രഖ്യാപിച്ചു. ഫൗണ്ടേഷന് നൽകുന്ന സംഭാവനകൾക്ക് നികുതി ഇളവ് (DGR പദവി) നൽകാനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് ധനമന്ത്രി കാറ്റി ഗല്ലഗർ വ്യക്തമാക്കി. ദുഷ്‌കരമായ ഈ സമയത്ത് സമൂഹത്തെ ഒരുമിച്ച് നിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഫോണിൽ സംസാരിച്ചു. ബോണ്ടി ആക്രമണത്തിൽ ഇസ്രയേൽ പ്രസിഡന്റ് തന്റെ അനുശോചനം അറിയിച്ചു. അദേഹത്തെ ഔദ്യോഗികമായി ഓസ്‌ട്രേലിയയിലേക്ക് ക്ഷണിക്കാനും ആൽബനീസ് തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് വ്യക്തിപരമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാനാണ് ഓസ്‌ട്രേലിയ മുൻഗണന നൽകുന്നതെന്ന് അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.