പാലക്കാട്: കാളാണ്ടിത്തറയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെട്ട കരോള്‍ സംഘത്തെയാണ് മദ്യപിച്ചെത്തിയ ബിജെപി പ്രവര്‍ത്തകന്‍ അശ്വിന്‍ രാജ് അക്രമിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ 2500 യൂണിറ്റുകളില്‍ പ്രതിഷേധ കരോള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ.
അതേസമയം ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍ നടത്തിയ പ്രസ്താവനയും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. കരോളില്‍ പങ്കെടുത്തവര്‍ മദ്യപിച്ചിരുന്നെന്നും സിപിഎം ഏരിയ കമ്മിറ്റിയുടെ ബാന്‍ഡ് സെറ്റുമായി പോയ ക്രിമിനല്‍ സംഘമാണിതെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. കൊല്ലപ്പെട്ട രതീഷ് എന്ന പ്രവര്‍ത്തകന്റെ സ്ഥലത്ത് ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ എത്തിയവരാണിവരെന്നും ഇത് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഉണ്ടായതാണെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പ്രസ്താവന.
കൃഷ്ണകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കൃഷ്ണകുമാര്‍ പാലക്കാട്ടെ 'പ്രവീണ്‍ തൊഗാഡിയ' ആണെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ ആരോപണം. കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇത്തരം പരാമര്‍ശങ്ങളിലൂടെ കൃഷ്ണകുമാറിന്റെ വര്‍ഗീയ മുഖമാണ് വെളിപ്പെടുന്നതെന്ന് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു.
അതേസമയം ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ബിജെപിക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി കേസുകളില്‍ പ്രതിയും കാപ്പ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ള ആളുമാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. മദ്യപിച്ചെത്തിയ ഇയാള്‍ കുട്ടികളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.