വത്തിക്കാൻ സിറ്റി: ക്രിസ്മസ് നാളിലെങ്കിലും ലോകത്തെ യുദ്ധഭൂമികൾ നിശബ്ദമാകണമെന്നും കുറഞ്ഞത് 24 മണിക്കൂർ നേരത്തേക്ക് ആഗോളതലത്തിൽ പൂർണ സമാധാനം പാലിക്കണമെന്നും ലിയോ മാർപാപ്പ. കാസിൽ ഗാൻഡോൾഫോയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാപ്പ.
ഉക്രെയ്നിൽ റഷ്യ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പാപ്പ അപലപിച്ചു. ക്രിസ്മസ് കാലത്ത് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന തന്റെ അഭ്യർത്ഥന റഷ്യൻ അധികൃതർ നിരസിച്ചതിൽ അദേഹം കടുത്ത ദുഖം രേഖപ്പെടുത്തി.
"എല്ലാ സന്മനസുള്ളവരോടും ഞാൻ ഒരിക്കൽ കൂടി ഈ അഭ്യർത്ഥന നടത്തുന്നു. കുറഞ്ഞത് രക്ഷകന്റെ ജനന തിരുനാളിലെങ്കിലും സമാധാനത്തിന്റെ ഒരു ദിനം ഉണ്ടാകട്ടെ. ഒരുപക്ഷേ അവർ നമ്മുടെ വാക്ക് കേട്ടേക്കാം, ലോകമെമ്പാടും ഒരു പൂർണ സമാധാന ദിനം." - പാപ്പ പറഞ്ഞു.
"മിഡിൽ ഈസ്റ്റിലെ സമാധാന നീക്കങ്ങൾ ഊർജിതമായി മുന്നോട്ട് പോകണം. ഗാസയിൽ വെടിനിർത്തലിനായുള്ള രണ്ടാം ഘട്ട ചർച്ചകൾ നടക്കുന്നത് ശുഭസൂചനയാണ്. ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസ സന്ദർശിച്ചത് സമാധാന ഉടമ്പടികൾക്ക് കരുത്ത് പകരുന്ന നടപടിയാണ്. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ജനതയ്ക്ക് ക്രിസ്മസ് പ്രത്യാശ പകരണമെന്നും സമാധാനത്തിനായുള്ള ചർച്ചകളിൽ നിന്ന് ഒരു രാജ്യവും പിന്നോട്ട് പോകരുത്"- പാപ്പ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.