വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനും യുദ്ധക്കെടുതികൾ അനുഭവിക്കുന്ന കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. തിരുക്കുടുംബത്തിൻ്റെ തിരുനാൾദിനത്തിൽ ത്രികാലജപ പ്രാർത്ഥനയ്ക്ക് ഒരുക്കമായി സന്ദേശം നൽകുകയായിരുന്നു പാപ്പ.
ഏകാന്തത, നിരാശ, ഭിന്നതകൾ, സംഘർഷങ്ങൾ എന്നിവയാൽ അന്ധകാരമയമായ ഒരു സമൂഹത്തിൽ, ഈശോയും മറിയവും യൗസേപ്പും അടങ്ങുന്ന തിരുക്കുടുംബത്തെ മാതൃകയാക്കി, ക്രിസ്തീയ കുടുംബങ്ങൾ എങ്ങനെ വെളിച്ചമായി പ്രശോഭിക്കണം എന്നതിനെക്കുറിച്ചുള്ള ചിന്തകളാണ് പാപ്പാ പങ്കുവച്ചത്.
'നമ്മുടെ കർത്താവിൻ്റെ പിറവിത്തിരുനാളിൻ്റെ വെളിച്ചത്തിൽ സമാധാനത്തിനായി പ്രാർഥിക്കുന്നത് നമുക്ക് തുടരാം. വളരെ പ്രത്യേകമായി, യുദ്ധക്കെടുതികൾ അനുഭവിക്കുന്ന കുടുംബങ്ങൾക്കു വേണ്ടിയും കുട്ടികൾ, പ്രായമായവർ, നിരാലംബർ എന്നിവർക്കു വേണ്ടിയും നമുക്കു പ്രാർത്ഥിക്കാം. നസ്രത്തിലെ തിരുക്കുടുംബത്തിൻ്റെ മാധ്യസ്ഥ്യത്തിന് നമ്മെത്തന്നെ ഭരമേൽപ്പിക്കാം' - പാപ്പാ പറഞ്ഞു.
വിജയങ്ങളും അധികാരവും സ്നേഹത്തെ ഇല്ലാതാക്കാൻ അനുവദിക്കരുത്
നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ, ക്രിസ്തീയ കുടുംബങ്ങൾക്ക് എങ്ങനെ വെളിച്ചമാകാമെന്ന് മാർപാപ്പ എടുത്തുകാട്ടി. സംഘർഷങ്ങളും ഒറ്റപ്പെടുത്തലുകളും വിയോജിപ്പുകളും വർദ്ധിച്ചുവരുന്ന ഇന്നത്തെ ലോകത്ത്, ഈശോയുടെ ജനനത്തിനുശേഷം തിരുക്കുടുംബം ഈജിപ്തിലേക്ക് പലായനം ചെയ്തതിനെ നാം ധ്യാന വിഷയമാക്കണമെന്ന് പാപ്പാ പറഞ്ഞു.
നിർഭാഗ്യവശാൽ, ലോകത്തിൽ എക്കാലവും 'ഹേറോദേസുമാർ' ഉണ്ടായിട്ടുണ്ട്. ഏതു വിധേനയും വിജയം നേടണമെന്നുള്ള വ്യര്‍ത്ഥമോഹം, അധികാര മോഹത്തോടെയുള്ള ചതിപ്രയോഗങ്ങൾ, ശൂന്യവും ഉപവിപ്ലവവുമായ ക്ഷേമസ്ഥിതിക്കു വേണ്ടിയുള്ള ആഗ്രഹം എന്നിവമൂലം പലപ്പോഴും ഏകാന്തത, ഭിന്നത, നിരാശ, സംഘർഷങ്ങൾ എന്നീ രൂപത്തിൽ വില നൽകേണ്ടതായി വരുന്നുവെന്ന് ലിയോ പാപ്പ പറഞ്ഞു. ക്രിസ്തീയ കുടുംബങ്ങളിലെ സ്നേഹജ്വാലകളെ കെടുത്തിക്കളയാൻ ഈ മരീചികകളെ നാം അനുവദിക്കരുതെന്ന് പാപ്പാ കുട്ടിച്ചേർത്തു.
പകരം, പ്രാർഥിക്കുന്നതിലൂടെയും കൂദാശകൾ സ്വീകരിക്കുന്നതിലൂടെയും - പ്രത്യേകിച്ച്, കുമ്പസാരം, വിശുദ്ധ കുർബാന എന്നിവയിലൂടെ - സുവിശേഷ മൂല്യങ്ങളെ വിലമതിച്ചുകൊണ്ട്, ആരോഗ്യകരമായ സ്നേഹബന്ധങ്ങൾ, ആത്മാർത്ഥതയോടെയുള്ള സംഭാഷണം, വിശ്വസ്തത എന്നിവ പ്രോത്സാഹിപ്പിക്കണമെന്ന് പാപ്പാ കുടുംബങ്ങളോട് ആവശ്യപ്പെട്ടു.
പ്രത്യാശയുടെ വെളിച്ചമാകാനും ദൈവത്തിൻ്റെ കരങ്ങളിൽ സ്നേഹത്തിന്റെ പാഠശാലയും രക്ഷയുടെ ഉപകരണവും ആകാനാണ് കുടുംബങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.
തിരുക്കുടുംബത്തിൻ്റെ സാന്നിധ്യവും ദൗത്യവും
മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള അന്നത്തെ വായനയെ അടിസ്ഥാനമാക്കിയാണ് പാപ്പാ വിചിന്തനങ്ങൾ നൽകിയത്. കർത്താവിന്റെ ദൂതൻ യൗസേപ്പിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ഈജിപ്തിലേക്ക് പലായനം ചെയ്യാൻ പറഞ്ഞതിനെപ്പറ്റിയുള്ള വിവരണമാണ് അത്.
ക്രൂരനും രക്തദാഹിയുമായിരുന്ന ഹേറോദേസ് രാജാവ് ഏകാന്തതയിലും സ്ഥാനഭ്രഷ്ടനാക്കപ്പെടുമെന്നുള്ള ഭയത്തിലുമാണ് ജീവിച്ചിരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതം തൻ്റെ രാജ്യത്തിനുള്ളിൽ ദൈവം പ്രവർത്തിച്ചെങ്കിലും അത് കാണാൻ അവന് കഴിഞ്ഞില്ല. കാരണം, തന്റെ സിംഹാസനവും സമ്പത്തും പദവിയും നഷ്ടപ്പെടുമെന്നുള്ള ഭയം മൂലം അവൻ അന്ധനായിരുന്നു - പാപ്പാ വിശദീകരിച്ചു.
എന്നാൽ അവൻ്റെ ഈ ഹൃദയകാഠിന്യം, തിരുക്കുടുംബത്തിന്റെ സാന്നിധ്യത്തിന്റേയും ദൗത്യത്തിന്റെയും മൂല്യത്തെ കൂടുതൽ എടുത്തുകാണിക്കുന്നതിന് ഇടയാക്കി.
ഈജിപ്തിൽ വച്ച് അവരുടെ ഗാർഹിക സ്നേഹജ്വാല ലോകം മുഴുവൻ വെളിച്ചം പകരാൻ തക്കവിധം വളരുകയും ശക്തി പ്രാപിക്കുകയും ചെയ്തു. ദൈവത്തിന്റെ പദ്ധതിയോട് യൗസേപ്പിനുണ്ടായിരുന്ന വിധേയത്വത്തെക്കുറിച്ച് മാർപാപ്പ അടിവരയിട്ടു പറഞ്ഞു.
മറിയത്തിന്റെയും യൗസേപ്പിന്റെയും മാധ്യസ്ഥ്യത്തിലൂടെ ലോകമെമ്പാടുമുള്ള എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമെന്ന് ലിയോ പാപ്പാ കർത്താവിനോട് പ്രാർത്ഥിച്ചു. എല്ലാവരുടെയും മുമ്പിൽ ക്രിസ്തുവിന്റെ മാതൃക പിന്തുടരാനും അവിടുത്തെ സാന്നിധ്യത്തിന്റെയും അനന്തമായ സ്നേഹത്തിന്റെയും ഫലദായകമായ അടയാളങ്ങളാകാനും ക്രിസ്തീയ കുടുംബങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.