ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ വിക്ഷേപണം: ബ്ലൂബേര്‍ഡ് ബ്ലോക്ക്2 ഭ്രമണപഥത്തില്‍ എത്തി; അഭിമാന നിമിഷമെന്ന് ഇസ്രോ ചെയര്‍മാന്‍

ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ വിക്ഷേപണം: ബ്ലൂബേര്‍ഡ് ബ്ലോക്ക്2 ഭ്രമണപഥത്തില്‍ എത്തി; അഭിമാന നിമിഷമെന്ന് ഇസ്രോ ചെയര്‍മാന്‍

ടവറുകളും കേബിളും ഇല്ലാതെ മൊബൈല്‍ ഫോണുകളില്‍ നേരിട്ട് ഇന്റര്‍നെറ്റ് എത്തും

ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒയുടെ എല്‍.വി.എം3 എം6 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ടവറുകളും ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുമില്ലാതെ മൊബൈല്‍ ഫോണുകളില്‍ നേരിട്ട് ഇന്റര്‍നെറ്റ് എത്തിക്കുന്ന ലോകത്തെ ആദ്യ ഉപഗ്രഹമായ ബ്ലൂബേര്‍ഡ് ബ്ലോക്ക്2 ആണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. അമേരിക്കന്‍ കമ്പനിയായ എ.എസ്.ടി മൊബൈലിന് വേണ്ടിയാണ് വിക്ഷേപണം നടത്തിയത്.

ലോകമെമ്പാടുമുള്ള സ്മാര്‍ട്ട് ഫോണുകളില്‍ നേരിട്ട് അതിവേഗ സെല്ലുലാര്‍ ബ്രോഡ് ബാന്‍ഡ് ലഭ്യമാക്കുന്ന പുതുതലമുറ ഉപഗ്രഹമാണിത്. ബ്ലൂബേര്‍ഡ് ബ്ലോക്ക്2 ഉപഗ്രഹം കൃത്യമായ ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചു. അഭിമാന നിമിഷമെന്ന് പറഞ്ഞ അദേഹം പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനമറിയിക്കുകയും ചെയ്തു.

ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹ വിക്ഷേപണമാണ് ഇന്ന് രാവിലെ 8:24 ന് ശ്രീഹരിക്കോട്ടയില്‍ നടന്നത്. 6500 കിലോഗ്രാമാണ് ഭാരം. ഭൂമിയില്‍ നിന്ന് 520 കിലോമീറ്റര്‍ അകലെയാണ് ഭ്രമണപഥം നിശ്ചയിച്ചത്. എല്‍110 ഹൈത്രസ് വികാസ് എഞ്ചിന്‍ റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന ഘട്ടവും വിജയിച്ചതോടെ സി25 ക്രയോജനിക് ഘട്ടവും പ്രവര്‍ത്തിച്ച് തുടങ്ങി. ഏറ്റവും വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രമെന്ന ഖ്യാതിയും ഇതോടെ ബ്ലൂബേര്‍ഡ് ബ്ലോക്ക്2 സ്വന്തമാക്കും.

അതേസമയം എല്‍വിഎം3യുടെ എട്ടാമത്തെ വിജയകരമായ ദൗത്യമാണിത്. 2023 ലെ ചരിത്ര പ്രസിദ്ധമായ ചന്ദ്രയാന്‍3 ദൗത്യം ഉള്‍പ്പെടെ എല്‍വിഎം3 യുടെ ഇതിന് മുന്‍പുള്ള ഏഴ് ദൗത്യങ്ങളും വിജയകരമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.