അന്ധയായ ക്രൈസ്തവ യുവതിക്ക് ബിജെപി നേതാവിന്റെ മര്‍ദ്ദനം; വിവിധയിടങ്ങളില്‍ ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ക്ക് നേരേ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം

അന്ധയായ ക്രൈസ്തവ യുവതിക്ക് ബിജെപി നേതാവിന്റെ മര്‍ദ്ദനം; വിവിധയിടങ്ങളില്‍ ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ക്ക് നേരേ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം

ജബല്‍പൂര്‍: മധ്യപ്രദേശില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിച്ച് അന്ധയായ യുവതിയെ ബിജെപി നേതാവ് മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലുള്ള ഗോരക്പൂര്‍ ഹവാഭാഗിലുള്ള പള്ളിയിലാണ് സംഭവം. ബിജെപി ജബല്‍പൂര്‍ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവയാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവതിയെ ആക്രമിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പള്ളിയിലെ പ്രാര്‍ത്ഥനയിലും തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുവതി. എന്നാല്‍ അവിടെയെത്തിയ ബിജെപി നേതാവ് അഞ്ജു ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള അക്രമി സംഘം യുവതിയെ തടഞ്ഞു നിര്‍ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തു വന്നത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വീഡിയോ പങ്കുവച്ച് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

അന്ധയായ യുവതിയോട് ഭരണകക്ഷി നേതാവ് കാട്ടിയ ക്രൂരത അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഡല്‍ഹി ലജ്പത് നഗറില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രിസ്മസ് കരോള്‍ തടഞ്ഞു. ഇതിനെതിരെ ഓള്‍ ഇന്ത്യ കാത്തലിക് ഫോറം രംഗത്തെത്തി. ചില മതങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇന്ത്യയില്‍ എന്തു ചെയ്യുന്നതിനുമുള്ള അവകാശം ഉണ്ടെന്ന് കാത്തലിക് ഫോറം കുറ്റപ്പെടുത്തി.

അതിനിടെ ഇന്നലെ ഡല്‍ഹിയില്‍ മറ്റൊരു ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം ഒഡിഷയില്‍ ക്രിസ്മസ് സാന്റയുടെ വസ്ത്രം വിറ്റ നാടോടി സംഘത്തെയും തീവ്ര ഹിന്ദുത്വ സംഘടനകള്‍ ഭീഷണിപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.