ഗാര്‍ഹിക പീഡനം: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

 ഗാര്‍ഹിക പീഡനം: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

അഡ്‌ലൈഡ്: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു. അഡ്‌ലൈഡിലെ താമസക്കാരിയും ഇന്ത്യന്‍ വംശജയുമായ സുപ്രിയ ഠാക്കൂര്‍ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് വിക്രാന്ത് ഠാക്കൂറി(42) നെ കോടതിയില്‍ ഹാജരാക്കി. ദമ്പതികള്‍ക്ക് കൗമാരക്കാരനായ ഒരു മകനുണ്ട്.

തിങ്കളാഴ്ച അഡ്‌ലൈഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ വിക്രാന്ത് ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കോടതി ഇയാളെ അടുത്ത ഏപ്രില്‍ വരെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. കേസിലെ പ്രധാന തെളിവുകളായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഡിഎന്‍എ പരിശോധനാ ഫലം എന്നിവ ലഭിക്കുന്നതിനായി 16 ആഴ്ചത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം സുപ്രിയയും ഭര്‍ത്താവും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഈ അടുത്ത് അവര്‍ വിവാഹമോചന നടപടികള്‍ ആരംഭിച്ചിരുന്നതായും സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. ഒരു രജിസ്റ്റേഡ് നഴ്‌സ് ആകണം എന്നതായിരുന്നു സുപ്രിയയുടെ ആഗ്രഹം.
സംഭവ സമയത്ത് ഇവരുടെ മകന്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടുകയായിരുന്നു.

ഇക്കഴിഞ്ഞ ഞാറാഴ്ച രാത്രി എട്ടരയോടെ നോര്‍ത്ത് ഫീല്‍ഡിലെ വെസ്റ്റ് അവന്യൂവിലുള്ള വസതിയിലാണ് സംഭവം നടന്നത്. ഗാര്‍ഹിക പീഡനം നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും പാരാമെഡിക്കല്‍ സംഘവും എത്തുമ്പോള്‍ സുപ്രിയ അബോധാവസ്ഥയില്‍ ആയിരുന്നു. സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി വിക്രാന്ത് ഠാക്കൂറിനെ ഏപ്രിലില്‍ വീണ്ടും കോടതിയില്‍ ഹാജരാക്കും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.